in

ശൂറാ തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍, പ്രാഥമിക വോട്ടര്‍ പട്ടിക ഓഗസ്റ്റ് എട്ടിന്

ദോഹ: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന് നാളെ തുടക്കമാകും. ഓഗസ്റ്റ് അഞ്ച് വ്യാഴാഴ്ച വരെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സമയമുണ്ടായിരിക്കും. വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയാണ് പേരു ചേര്‍ക്കുന്നതിനുള്ള സമയം. അര്‍ഹരായ എല്ലാ സ്വദേശി പൗരന്‍മാരും നിശ്ചിത സമയപരിധിക്കുള്ളില്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആഹ്വാനം ചെയ്തു. ഖത്തറില്‍ ജനിച്ചതും പിതാമഹന്‍ ഖത്തരിയായതുമായ ഖത്തരി പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുമതി. 18 വയസില്‍ കുറയാന്‍ പാടില്ല. സാദാചാര ലംഘനം, വിശ്വാസ വഞ്ചന തുടങ്ങിയവ ഉള്‍പ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരായിരിക്കരുത്. മെട്രാഷ്2 ആപ്പ് വഴിയോ ടെക്സ്റ്റ് മെസേജ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ടറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നേരിട്ട് ഹാജരായോ രജിസ്റ്റര്‍ ചെയ്യാം. പേഴ്സനല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രാഥമിക വോട്ടര്‍ പട്ടിക ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സുകളും അവയുടെ നിരീക്ഷണത്തിനുള്ള നപടിക്രമങ്ങളും വ്യക്തമാക്കുന്ന തീരുമാനം പ്രധാനമന്ത്രി പുറപ്പെടുവിച്ചു. ഇതുപ്രകാരം സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരമാവധി 20ലക്ഷം റിയാല്‍ ചെലവഴിക്കാനാകും. സ്വന്തം പണമോ ഖത്തരി പൗരന്‍മാരില്‍നിന്നും സംഭാവനയായി ലഭിക്കുന്ന പണമോ ചെലവഴിക്കാം. സംഭാവനയായി ലഭിക്കുന്ന തുക പരമാവധി ചെലവഴിക്കാനാകുന്ന തുകയായ 20 ലക്ഷം റിയാലിന്റെ 35 ശതമാനത്തില്‍ കവിയാന്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും പരസ്യപ്രവര്‍ത്തനങ്ങളും ചെലവും നിരീക്ഷിക്കുന്നതിനായി കമ്മിറ്റി പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി സംഭാവന സ്വീകരിച്ച വ്യക്തികളുടെ പേരുകളും ലഭിച്ച തുകയും ഈ കമ്മിറ്റിയെ അറിയിക്കണം. സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് വിദേശത്ത് നിന്നോ അജ്ഞാതമായ സ്രോതസ്സുകളില്‍ നിന്നോ, പണം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. വിദേശ വ്യക്തികളില്‍നിന്നോ വിദേശ സ്ഥാപനത്തില്‍ നിന്നോ സഹായമോ പിന്തുണയോ സ്വീകരിക്കാന്‍ പാടില്ല. പുറംരാജ്യങ്ങളില്‍നിന്നോ രാജ്യാന്തര ഏജന്‍സികളില്‍നിന്നോ ഖത്തരിയോ വിദേശവ്യക്തിയോ മൂലധനം നല്‍കുന്ന സ്ഥാപനത്തില്‍നിന്നോ സംഭാവനകള്‍ സ്വീകരിക്കാനും പാടില്ല. തരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ച തുക പ്രത്യേക ബാങ്ക് അക്കൗണ്ട് മുഖേനയാണ് ചെലവഴിക്കേണ്ടത്. ഇതിനായി കമ്മിറ്റി അംഗീകരിച്ച ദേശീയ ബാങ്കുകളിലൊന്നില്‍ സ്ഥാനാര്‍ഥി ബാങ്ക് അക്കൗണ്ട് തുറക്കണം. പ്രചാരണം തുടങ്ങുന്നതിന് ഒരുദിവസം മുന്‍പ് സ്ഥാനാര്‍ഥികള്‍ ലഭിച്ച മുഴുവന്‍ തുകയും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഈ അക്കൗണ്ട് ഒഴികെ മറ്റേതെങ്കിലും വിധത്തില്‍ ഒരുകാരണവശാലും പണം ചെലവഴിക്കാന്‍ പാടില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടോക്കിയോ ഒളിമ്പിക്‌സ് വില്ലേജില്‍ ഖത്തറിന്റെ ദേശീയഗാനം മുഴങ്ങി

വായനശാലകളിലേക്ക് പുസ്തകങ്ങള്‍; മകന്റെ വിവാഹത്തിന് ഉപ്പയുടെ സമ്മാനം