
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ സിദ്ര മെഡിസിന്‍ പുതിയ കോവിഡ്-19 വൈറസ് പരിശോധനാ രീതി വികസിപ്പിച്ചു. പരമ്പരാഗത പരിശോധനാകിറ്റുകളുടെ ആഗോളക്ഷാമം നേരിടാന്‍ പുതിയ രീതി സഹായകമാണ്. ഇതര പരിശോധനാ ഘടകങ്ങള്‍ ഉപയോഗിച്ച് വേറിട്ടൊരു ആര്‍എന്‍എ(റിബോ ന്യൂക്ലിക് ആസിഡ്) വേര്‍തിരിച്ചെടുത്തുകൊണ്ടുള്ള പരിശോധനയാണ് ഈ രീതി. കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരിശോധനാ രീതികളുടെ ആഗോള ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പരിശോധന സാധാരണയായി മൂന്നു ഘട്ടങ്ങളായാണ് നിര്‍വഹിക്കുന്നത്. ആദ്യം വ്യക്തിയുടെ നാസികയില്‍ നിന്നുള്ള സ്രവത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സാമ്പിളില്‍ നിന്നും എല്ലാ ആര്‍എന്‍എയും വേര്‍തിരിച്ചെടുക്കും.
വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വേര്‍തിരിച്ചെടുത്ത ആര്‍എന്‍എ പരിശോധിക്കുകയെന്നതാണ് മൂന്നാംഘട്ടം. സാധാരണയായി റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍ടി-പിസിആര്‍) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ മൂന്നാംഘട്ടത്തിമായുള്ള റിയാജന്റുകള്‍ ആഗോളതലത്തില്‍ വ്യാപകമായി ലഭ്യമാണ്. രണ്ടമത്തെ ഘട്ടത്തിന് ആവശ്യമായ കിറ്റുകളുടെ ലഭ്യതക്കുറവാണ് ലോകം നേരിടുന്ന വെല്ലുവിളി. അതായത് ഒരു വ്യക്തിയുടെ സാമ്പിളില്‍ നിന്നും വൈറല്‍ ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്നതിനുള്ള കിറ്റുകള്‍ക്കാണ് ക്ഷാമം.
കിറ്റുകളുടെ കുറവ് സാമ്പിളുകള്‍ ശേഖരിക്കപ്പെട്ട വ്യക്തികളുടെ ഫലങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ സമയം എടുത്തേക്കാം. വേര്‍തിരിക്കല്‍ കിറ്റുകള്‍ പരിമിതമാകുമ്പോള്‍ സാമ്പിള്‍ പ്രൊസസ്സിംഗിലെ കാലതാമസം വൈറല്‍ ആര്‍എന്‍എയുടെ സ്വാഭാവിക അപചയത്തിലേക്കും തല്‍ഫലമായി തെറ്റായ നെഗറ്റീവ് ഫലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സിദ്ര മെഡിസിന്‍ പതോളജി സയന്‍സ് ഡിവിഷന്‍ ചീഫ് ഡോ.പാട്രിക് ടാങ് പറഞ്ഞു.
കിറ്റുകളുടെ ക്ഷാമവും കോവിഡ് പരിശോധനകളിലെ കാലതാമസവും സംബന്ധിച്ച ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി സിദ്ര മെഡിസിന്‍ ക്ലിനിക്കല്‍, റിസര്‍ച്ച് ടീമുകള്‍ ബദല്‍ പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതിനായി സിഎപി അംഗീകൃത പതോളജി ലാബിന്റെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇതര പരിശോധനാ ഘടകങ്ങള്‍ ഉപയോഗിച്ച് ഇന്‍ഹൗസ് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കല്‍ രീതി വികസിപ്പിക്കാന്‍ സിദ്ര മെഡിസിന് സാധിച്ചു. പതോളജി വിഭാഗത്തിലെ മോളിക്യുലര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്(എംഐഡി) ലാബിലെ ഡോ. മുഹമ്മദ് റുബയത് ഹസന്‍, ഗവേഷണ വകുപ്പിലെ ക്ലിനിക്കല്‍ ജിനോമിക്‌സ് ലാബില്‍(സിജിഎല്‍) ലാബില്‍ നിന്നുള്ള ഡോ.സ്റ്റീഫന്‍ ലോറന്‍സ് എന്നിവരാണ് ഇതിനു നേതൃത്വം നല്‍കിയത്. ലോകമെമ്പാടുമുളള സ്റ്റാന്റേഡ് ക്ലിനിക്കല്‍ രീതികളുടെ സംവേദനക്ഷമതയുമായി പൊരുത്തപ്പെടുന്ന പരിഹാരമാണ് ടീം വികസിപ്പിച്ചത്. ഇതിലെ മുഴുവന്‍ സംവിധാനവും നിയന്ത്രിത ലാബ് ക്രമീകരണത്തിലാണ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ വേഗത്തില്‍ നടപ്പാക്കാനാകും.
കൊറോണ വൈറസ് പരിശോധിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിദ്ര മെഡിസിന്‍ ആക്ടിങ് ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ.ഖാലിദ് ഫഖ്‌റൂ പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ പരിമിതമായ വേര്‍തിരിക്കല്‍ കിറ്റിന്റെ ലഭ്യത അഭിമുഖീകരിക്കുന്നതിനാല്‍ ബദല്‍ സാധ്യതകള്‍ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സിദ്ര മെഡിസിന്‍ നടപ്പാക്കിയ പുതിയ രീതി ആഗോള പ്രാധാന്യമര്‍ഹിക്കുന്നു. പുതിയ ഹൈ-ത്രൂപുട്ട് എക്‌സ്ട്രാക്ഷന്‍ രീതിയിലൂടെ ആവശ്യാനുസരണം പ്രതിദിനം 1,600 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേര്‍തിരിച്ചെടുക്കലുകള്‍ നിര്‍വഹിക്കാനാകും.
സിദ്ര മെഡിസിന്‍ റമദാനിലെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആസ്പത്രിയായ സിദ്ര മെിഡിസിന്‍ റമദാനിലെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു. റമദാനില്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഔട്ട്‌പേഷ്യന്‍ ക്ലിനിക്കുകളുടെ(ഒപിസി) സേവനങ്ങള്‍ തുടരും. പ്രവര്‍ത്തി ദിവസങ്ങളില്‍ ഒപിസി രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ തുറക്കും. ഔട്ട്പേഷ്യന്റ് ഇന്‍ഫ്യൂഷന്‍ സെന്റര്‍(ഒപിഐസി), ഹെമറ്റോളജി ഓങ്കോളജി ഔട്ട്പേഷ്യന്റ് സെന്റര്‍(എച്ച്ഒഒസി) എന്നിവ രാവിലെ ഏഴു മുതല്‍ ഉച്ചക്കു മൂന്നുവരെ പ്രവര്‍ത്തിക്കും. പ്രധാന ആസ്പത്രി കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഡിയോളജി ക്ലിനിക്കുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക്ു മൂന്നുവരെ പ്രവര്‍ത്തിക്കും.
രോഗികള്‍ക്ക് മരുന്ന് നേടുന്നതിനായി ഫാര്‍മസി സേവനങ്ങള്‍ ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. മരുന്നുകള്‍ വാങ്ങുന്നതിനായി രോഗികളുടെ കുടുംബങ്ങള്‍ 4003 0030 എന്ന നമ്പറില്‍ വിളിച്ച് സമയം നിശ്ചയിക്കണം. റമദാനില്‍ ഒപിസിയില്‍ സായാഹ്ന ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കില്ല. സിദ്ര മെഡിസിന്റെ പ്രധാന ആസ്പത്രി (ഇന്‍-പേഷ്യന്റ്), കുട്ടികള്‍ക്കുള്ള അടിയന്തര സേവനങ്ങള്‍, പ്രസവചികിത്സ ട്രയാജ് എന്നിവ റമദാനില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സിദ്ര മെഡിസിന്‍ കോവിഡ് ചികിത്സക്കായി നിശ്ചയി്ച്ചിരിക്കുന്ന ആസ്പത്രിയല്ലെന്നും രോഗികളുടെയും കുടുംബങ്ങളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.