
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് ഉപദേശവും മാര്‍ഗനിര്‍ദേശവുമായി സിദ്ര മെഡിസിന്. ഗര്‍ഭിണികളില്‍ കോവിഡ് എങ്ങനെയാണ് ബാധിക്കുന്നത്, പ്രത്യാഘാതങ്ങളെന്തൊക്കെ എന്നതിനെ സംബന്ധിച്ച് നിലവില്‍ പരിമിതമായ വിവരങ്ങള്‍ മാത്രമാണുള്ളത്. എങ്കില്‍ത്തന്നെയും ഗര്‍ഭിണികള്‍ക്ക് അവരുടെ ശരീരത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണുബാധക്കും രോഗങ്ങള്‍ക്കും സാധ്യത വര്‍ധിച്ചേക്കാം.
ഗര്‍ഭകാലത്ത് കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് അകാലത്തില്‍ ശിശുക്കള്‍ പിറന്നതായി റിപ്പോര്‍ട്ടുകളുണ്ട്.എന്നിരുന്നാലും ഇത് മാതാവിനുണ്ടായ അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ല.
നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെ ഗര്‍ഭിണികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുകയും അവരുടെ ആരോഗ്യപരിരക്ഷാ ദാതാക്കളുമായി പതിവായി ബന്ധപ്പെടുകയും വേണമെന്ന് സിദ്ര മെഡിസിന്റൈ വുമണ്‍ സര്‍വീസ് ടീം ആവശ്യപ്പെട്ടു. കോവിഡ് സാധ്യത കുറക്കുന്നതിന് വ്യക്തിപരമായ കൈ ശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതുള്‍പ്പടെ പൊതുനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിദഗ്ദ്ധര്‍ ഗര്‍ഭിണികളോടു ആവശ്യപ്പെട്ടു. ഗര്‍ഭിണിയായ ആര്‍ക്കെങ്കിലും കോവിഡ് ബാധയോ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോ പ്രകടമായാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പരായ 16000ലേക്ക് വിളിക്കണം. നിലവില്‍ ഗര്‍ഭവതിയായ സ്ത്രീ കോവിഡ്-19 രോഗം സ്ഥിരീകരിച്ചോ സംശയിക്കപ്പെട്ട ഐസൊലേഷനില്‍ തുടരുകയാണെങ്കില്‍ ആന്റിനാറ്റല്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് നീട്ടണം. എന്നാല്‍ അപ്പോയിന്റ്മെന്റ് അടിയന്തരമാണെങ്കില്‍ രോഗിയെ കാണുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഗര്‍ഭകാലത്ത് കോവിഡ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ, ജനനത്തിനുശേഷം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നീ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് കുഞ്ഞുങ്ങള്‍ അകാലത്തില്‍ ജനിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിനു കാരണം ഗര്‍ഭാവസ്ഥയിലെ അണുബാധയാണോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. സ്വയം ഒറ്റപ്പെടല്‍ കാലയളവില്‍(സെല്‍ഫ് ഐസൊലേഷന്‍) ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്ക് 16000 എന്ന ഹോട്ട്ലൈന്‍ നമ്പരില്‍ ബന്ധപ്പെടാം. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പരിചരണങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പോകാന്‍ ഉപദേശിച്ചേക്കാം- വിമണ്‍ സര്‍വീസസ് ടീം ചൂണ്ടിക്കാട്ടി.
സ്വയം ഒറ്റപ്പെടലില്‍ കഴിയുന്ന ഗര്‍ഭിണികളോ കോവിഡ് ലക്ഷണങ്ങളോ ഉള്ളവര്‍ അടിയന്തിര വൈദ്യസഹായം ആവശ്യമില്ലെങ്കില്‍ ഒബ്സ്റ്റട്രിക്സ് ട്രിയേജിലോ ഔട്ട്പേഷ്യന്റ് ക്ലിനിക്കിലോ പോകരുത്.
ഗര്‍ഭിണികള്‍ സിദ്ര മെഡിസിന് രോഗിയാണെങ്കില്‍ സിദ്രയുടെ പ്രസവചികിത്സകരില് ഒരാളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കൂടുതല്‍ ഉപദേശത്തിനായി 40031419 എന്ന നമ്പറില്‍ വിളിക്കണം.