
ദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനിയുടെ(വുഖൂദ്) കീഴിലുള്ള സിദ്ര സ്റ്റോറുകളില്‍നിന്നും ഉത്പന്നങ്ങളുടെ ഹോം ഡെലിവറിക്കായി തലാബതുമായി ധാരണയായി. വുഖൂദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സിദ്ര കണ്വീനിയന്റ്സ് സ്റ്റോറുകളില്‍ ആവശ്യമായവയവും ഫ്രഷ് ഉത്പന്നങ്ങളും തലാബത് ഒരു ക്ലിക്ക് ബട്ടണില്‍ ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കും. ഓണ്‍ലൈന്‍ ഷോപ്പിങിന് ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. കൂടാതെ ഉപയോക്താക്കള്‍ക്ക് സമ്പര്‍ക്ക രഹിത ഷോപ്പിങും ഇതിലൂടെ സാധ്യമാകും.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് നൂതനവും സുരക്ഷിതവുമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് വുഖൂദ് ഓണ്‍ലൈന്‍ ഡെലിവറി വിപുലീകരിക്കുന്നത്. സിദ്ര സ്റ്റോറുകള്‍ മുഖേനയുള്ള സമ്പര്‍ക്കരഹിത ഹോം ഡെലിവറി സേവനം ഇപ്പോള്‍ തെരഞ്ഞെടുത്ത മുപ്പത് സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ അവശ്യവസ്തുക്കള്‍ സുരക്ഷിതമായും സൗകര്യപ്രദമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വുഖൂദ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സഅദ് റാഷിദ് അല്‍മുഹന്നദി പറഞ്ഞു.