Saturday, August 15ESTD 1934

ഓണ്‍ലൈന്‍ ഗതാഗത ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവ്

ദോഹ:ഈ വര്‍ഷം ആദ്യപാദത്തില്‍ ഗതാഗത വകുപ്പിന്റെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവ്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍, പ്രത്യേകിച്ചും മെട്രാഷ്-2വിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ ആകെ 5,14,000 ഓണ്‍ലൈന്‍ ഗതാഗത ഇടപാടുകളാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,03,000 ഓണ്‍ലൈന്‍ ഇടപാടുകളാണ് നടന്നിരുന്നത്.
നാലര ലക്ഷം ഓണ്‍ലൈന്‍ വാഹന രജിസ്‌ട്രേഷന്‍ ഇടപാടുകളാണ് ഈ വര്‍ഷം ഇതേവരെ നടന്നതെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ഹജ്‌രി പറഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങളില്‍ ബഹുഭൂരിപക്ഷവും വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടായിരുന്നു. ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് 36,000 ഇടപാടുകള്‍ നടന്നു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ്. മെട്രാഷ്-2 ആപ്പ് മുഖേന നിരവധി സേവനങ്ങളാണ് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. മെട്രാഷ്-2 ആപ്പില്‍ നാല്‍പ്പതോളം ഗതാഗത സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു. വകുപ്പ് ആസ്ഥാനം സന്ദര്‍ശിക്കാതെ തന്നെ എല്ലാവര്‍ക്കും വീട്ടിലിരുന്നുകൊണ്ടുതന്നെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷയും മെട്രാഷ്-2 സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളായ ഉടമസ്ഥാവകാശ കൈമാറ്റം, ഇസ്തിമാറ പുതുക്കല്‍, റിസര്‍വ്ഡ് വാഹനങ്ങള്‍, ട്രാഫിക് അപകടങ്ങള്‍ എന്നിവയും മെട്രാഷ് 2 വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, നിയമലംഘനങ്ങള്‍ക്ക് പണം അടക്കല്‍, ട്രാഫിക് അപകടങ്ങളുടെ രജിസ്‌ട്രേഷന്‍, റിപ്പയര്‍ പേപ്പര്‍ എന്നിവ സംബന്ധിച്ച സേവനങ്ങളും മെട്രാഷ് 2 വഴി ലഭ്യമാണ്.
മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് വകുപ്പ് പൊതുജനങ്ങളോടു ആഹ്വാനം ചെയ്തു.

error: Content is protected !!