
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ആറാമത്് അറബിക് നോവല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രസിദ്ധീകരിച്ച അറബ് നോവലുകളുടെ വിഭാഗത്തില്‍ മൗറിത്താനിയയിലെ ശൈഖ് അഹമ്മദ് അല്ബാനിന്റെ വാദി അല്ഹതബ്, ജോര്‍ദാനിയന്‍ സ്വദേശി ഇബ്രാഹിം നസ്റല്ലാഹിന്റെ ദബാബ് തഹത് ഷജ്റാത് ഈദ് അല്മിലാദ്, ലബനാനിലെ ഫാതെന്‍ മുര്റിന്റെ ഗോബര്‍ 1918, ടുണീഷ്യയില്‍ നിന്നുള്ള ഫാത്തിയ ദബാഷിന്റെ മെലാനിന്‍, ഈജിപ്തില്‍നിന്നുള്ള മുഹമ്മദ് അല്മഖ്സാന്ജിയുടെ റദീഫ് എന്നീ നോവലുകള്‍ക്കാണ് പുരസ്കാരം. ഓരോരുത്തര്‍ക്കും 60,000 ഡോളര്‍ വീതമാണ് സമ്മാനത്തുക. കൂടാതെ ഈ നോവലുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തും.
പ്രസിദ്ധീകരിക്കാത്ത നോവലുകളുടെ വിഭാഗത്തില്‍ ടുണീഷ്യയുടെ അല്‍അസ്ഹര്‍ അല്സിനാദിന്റെ അല്നതൂര്, മൊറോക്കോയുടെ ഡോ.സഈദ് അല്അലാമിന്റെ അസ്ര ഗ്രനഡ- ഹബ് ബെയ്ന്‍ മദീനതെയ്ന്, ഈജിപ്തിലെ സലേം മഹ്മൂദ് സലേമിന്റെ ഹദ്ത ഫി അല്ഇസ്കന്ദരിയ, സിറിയയില്‍ നിന്നുള്ള ഗാസി ഹുസൈന് അല്‍ അലിയുടെ മെഴ്സിഡസ് സൗദ ല തുഖിഹ അല്‍ഐന്‍, യമനില്‍ നിന്നുള്ള നജീബ് നസറിന്റെ നിസ്ഫ് ഇന്സാന് എന്നീ നോവലുകള്‍ക്കാണ് പുരസ്കാരം. 30,000 ഡോളര്‍വീതമാണ് സമ്മാനത്തുക. കൂടാതെ പ്രസിദ്ധീകരിക്കുകയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യും. ഫിക്ഷണല്‍ ഗവേഷണ- നിരൂപണ പഠനങ്ങളുടെ വിഭാഗത്തില്‍ ഈജിപ്തിന്റെ ഡോ. ഒസാമ അയൂബ് അലീമി, ഡോ. മുഹമ്മദ് ഇസ്മാഈല്‍ അല്ലബാനി, മൊറോക്കോയുടെ ഡോ.അബ്ദല്‍ മാലെക് അഷ്ബൂണ്, ഡോ. മുസ്തഫ അല്നഹല്, യമനിന്റെ ഡോ. അലാവി അഹമ്മദ് സാലേഹ് അല്മജാമി എന്നിവര്‍ക്കാണ് പുരസ്കാരം. 15,000 ഡോളര്‍ വീതമാണ് സമ്മാനത്തുക. ഈ പഠനങ്ങള്‍ അച്ചടിച്ച് പുറത്തിറക്കുകയും മാര്‍ക്കറ്റിങ് നടത്തുകയും ചെയ്യും.
യുവജനങ്ങളുടെ നോവല്‍ വിഭാഗത്തില്‍ ഈജിപ്തിന്റെ ഡോ. മഹ്ദി സലാഹ് അല്ജുവൈദി, ഫലസ്തീന്റെ മുഹമ്മദ് മഹ്മൂദ് അല്അകഷിയ, ജോര്‍ദാന്റെ ഡോ. നദ ജമാല്‍ സാലേഹ്, അള്‍ജീരിയയുടെ ഹുദ ബൊഹ്റവ എന്നിവരാണ് വിജയികള്‍. 10,000 ഡോളര്‍ വീതമാണ് സമ്മാനത്തുക. നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വിവിധ വിഭാഗങ്ങളില്‍ പുരസ്കാരത്തിനായി ലഭിച്ചത് 2,220 അപേക്ഷകള്‍. വിജയികള്‍ക്കായി 6.35 ലക്ഷം ഡോളറാണ് ഇത്തവണ സമ്മാനത്തുക. പ്രസിദ്ധീകരിച്ച ഖത്തരി നോവല്‍ വിഭാഗത്തില്‍ അബ്ദുല്‍റഹീം അല്സിദ്ദീഖിയുടെ നോവലിനാണ് പുരസ്കാരം. 60,000 ഡോളറാണ് സമ്മാനത്തുക. ഈ വിഭാഗത്തിലേക്ക് 15 നോവലുകളാണ് ലഭിച്ചത്. നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യും. പേഴ്സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ഇറാഖി നോവലിസ്റ്റ് ഗാലിബ് തുമ ഫര്മാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അറബ് സാഹിത്യത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച അറബ് സാഹിത്യകാരന്മാര്ക്കാണ് ഓരോ വര്‍ഷവും പുരസ്കാരം നല്‍കുന്നത്. 1927ല്‍ ബാഗ്ദാദില്‍ ജനിച്ച ഫര്മാന് ഇറാഖിലെ ഏറ്റവും വിഖ്യാതനായ എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഇറാഖി സാഹിത്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്കുന്നതില് അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹം ഇറാഖിന്റെ പുറത്തായിരുന്നപ്പോഴാണ് എല്ലാ നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടത്. മോസ്കോയില്വെച്ച് 1990ലായിരുന്നു മരണം.