
ദോഹ: മെയ് മാസത്തിലും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ കുറവ്. കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പൊതുജനങ്ങള്‍ക്ക് ആശ്വാസമാണ് മെയ് മാസത്തിലെ ഇന്ധനവില. മെയ് ഒന്നു മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് ഒരു റിയാലും സൂപ്പര്‍ പെട്രോളിനും ഡീസലിനും 1.05 റിയാലുമായിരിക്കും വില. ഏപ്രിലിനെ അപേക്ഷിച്ച് പ്രീമിയത്തിനും സൂപ്പറിനും ഡീസലിനും വിലയില്‍ 25 ദിര്‍ഹത്തിന്റെ വീതം കുറവാണുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ പ്രീമിയം പെട്രോളിന് 1.25 റിയാലും സൂപ്പറിനും ഡീസലിനും 1.30 റിയാല്‍ വീതുമായിരുന്നു വില. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിലയില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മൂന്നാംമാസമാണ് ഇന്ധനവിലയില്‍ ഇത്രവലിയ കുറവുണ്ടാകുന്നത്. ഈ ജനുവരിയുമായി താരതമ്യം ചെയ്താല്‍ പ്രീമിയത്തിന്റെ വിലയില്‍ 75 ദിര്‍ഹമിന്റെയും സൂപ്പറിന്റെ വിലയില്‍ 85 ദിര്‍ഹമിന്റെയും ഡീസലിന്റെ വിലയില്‍ 80 ദിര്‍ഹമിന്റെയും കുറവാണുണ്ടായത്. നിലവിലെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വാഹന ഉപയോക്താക്കള്‍ക്ക് വലിയതോതില്‍ ആശ്വാസകരമാണ് ഇന്ധനനിരക്കിലെ ഈ കുറവ്. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. . പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില. 2016 ജൂണിലെ വിലയുമായി താരതമ്യം ചെയ്താല്‍ ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.