
ദോഹ: ഫലസ്തീന്റെ കാര്യത്തില്‍ അന്താരാഷ്ട്ര സമവായം നിലവിലുള്ളപ്പോഴും ഫലസ്തീന് അറബ് ഭൂമികള്‍ കൈവശപ്പെടുത്തുന്നതുള്പ്പടെ ഇസ്രാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാതെ അന്താരാഷ്ട്ര സമൂഹം നിസ്സഹായരായി നില്ക്കുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുറ്റപ്പെടുത്തി.
ഗസ മുനമ്പില്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുകയും സെറ്റില്‍മെന്റുകള്‍ വികസിപ്പിക്കുന്നതിനുള്ള നയം തുടരുകയും ചെയ്യുന്നതിനു പുറമെയാണ് ഇസ്രാഈലിന്റെ ഇത്തരം അതിക്രമങ്ങള്‍. അന്തര്‍ദ്ദേശീയ നിയമസാധുത പ്രമേയങ്ങളുടെയും അന്തര്‍ദ്ദേശീയ സമൂഹം അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും വ്യക്തമായ ലംഘനമാണ് ഇസ്രാഈലിന്റേതെന്നും അമീര്‍ തുറന്നടിച്ചു.
യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍. അറബ് സമാധാന സംരംഭങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുതയുടെയും റഫറന്‍സ് നിബന്ധനകളോടും തീരുമാനങ്ങളോടുമുള്ള ഇസ്രാഈലിന്റെ പൂര്‍ണ്ണ പ്രതിബദ്ധതയിലൂടെ മാത്രമേ നീതിയും ആഗ്രഹിച്ച സമാധാനവും കൈവരിക്കാന്‍ കഴിയൂ. എന്നാല്‍ ഇസ്രാഈല്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയും ഫലസ്തീന് വിഷയം നിലവിലില്ലാത്തതുപോലെ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.
ഈ റഫറന്‍സ് നിബന്ധനകളെ അടിസ്ഥാനമാക്കിയിട്ടല്ലാതെയുള്ള ഏതൊരു ക്രമീകരണത്തെയും സമാധാനം എന്നു വിളിച്ചാലും അത് സമാധാനമാകില്ലെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ന്യായമായ പരിഹാരമില്ലാതെ ഫലസ്തീന് വിഷയം നിലനില്ക്കുന്നതും ഇസ്രാഈലിന്റെ തുടര്‍ച്ചയായ സെറ്റില്‍മെന്റ് നടപടികളും അന്താരാഷ്ട്ര സമൂഹത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും വിശ്വാസ്യതയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യചിഹ്നമാണെന്നും അമീര്‍ തുറന്നടിച്ചു.
ഗസ മുനമ്പിലെ ഉപരോധം നീക്കാന്‍ ഇസ്രാഈലിനെ നിര്‍ബന്ധിതരാക്കുന്നതിനും ബലപ്രയോഗത്തിലൂടെയല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശ്വസനീയമായ ചര്‍ച്ചകളിലൂടെ സമാധാന പ്രക്രിയയെ തിരികെ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ചും സുരക്ഷാ കൗണ്‍സില്‍ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അധിനിവേശം അവസാനിപ്പിക്കുകയും 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രൂപീകരിക്കുകയും എല്ലാ അറബ് പ്രദേശങ്ങളിലെയും ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരവാദിത്വം നിര്‍വഹിക്കണം അമീര്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗം നിരുപാധിക ചര്‍ച്ച
ദോഹ: നിയമവിരുദ്ധമായ ഉപരോധത്തോടെ ആരംഭിച്ച ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം നിരുപാധികമായ ചര്‍ച്ചയാണെന്ന് അമീര്‍ ആവര്‍ത്തിച്ചു. പൊതുതാല്പര്യങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ആദരവിനെയും അടിസ്ഥാനമാക്കിയുള്ള നിരുപാധികമായ ചര്‍ച്ചകളിലൂടെ മാത്രമെ പ്രതിസന്ധി പരിഹരിക്കാനാകു. ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം ഈ ഉപരോധം നീക്കുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ഉപരോധം നീക്കുന്നതാണ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ആദ്യനടപടി. മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന അനധികൃത ഉപരോധത്തിനിടയിലും വിവിധ മേഖലകളിലെ പുരോഗതിയുടെയും വികസനത്തിന്റെയും മുന്നേറ്റം ഖത്തര്‍ തുടരുകയാണെന്ന് അമീര്‍ പറഞ്ഞു. ഉപരോധത്തിനിടയിലും മറ്റു പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ബഹുരാഷ്ട്ര അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ഫലപ്രദമായ പങ്കാളിത്തം ശക്തിപ്പെടുത്തി. അന്യായവും നിയമവിരുദ്ധവുമായ ഉപരോധത്തിനിടയിലൂടെ കടന്നുപോകുമ്പോഴും അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടങ്ങളുടെയും തത്വങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ബഹുമാനിച്ചുകൊണ്ടുള്ള നയം സുരക്ഷിതമായി സ്ഥാപിക്കുകയാണ് ഖത്തര്‍ ചെയ്യുന്നത്. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടല്‍ തള്ളിക്കളയുകയും ചെയ്യുന്ന തത്വത്തെ ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ നയം. പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്സബാഹിന്റെയും സഹോദര സൗഹൃദ രാജ്യങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അമീര്‍ പറഞ്ഞു. ഒരേ ഗ്രഹത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് കോവിഡ് മഹാമാരി. മഹാമാരികള്‍, കാലാവസ്ഥ, പരിസ്ഥിതി എന്നിവയുടെ വെല്ലുവിളികളെ നേരിടാനുള്ള ഏക മാര്‍ഗം ബഹുരാഷ്ട്രാസഹകരണമാണ്. രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ഖത്തര്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചു. അറുപതിലധികം രാജ്യങ്ങള്‍ക്കും അഞ്ചു രാജ്യാന്തര സംഘടനകള്‍ക്കും ഖത്തര്‍ സഹായം എത്തിച്ചു. പകര്‍ച്ചവ്യാധിയെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാന്‍ വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി രാജ്യാന്തര ശ്രമങ്ങളില്‍ ഖത്തര്‍ സജീവമായി പങ്കെടുക്കുന്നതായും അമീര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഗുരുതരമായ നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് നിരവധി രാജ്യങ്ങളെ ഗവേഷണ കേന്ദ്രങ്ങളെ ഖത്തര്‍ പിന്തുണക്കുന്നുണ്ട്. ഈ വൈറസിനായി വാക്സിന് വികസിപ്പിക്കുന്ന വേഗത്തിലാക്കാനും ഖത്തറിന്റെ പിന്തുണയുണ്ടെന്നും അമീര്‍ പറഞ്ഞു.