
ദോഹ: പൂര്‍ണ്ണമായും സ്വകാര്യമേഖലയിലുള്ളതും കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതുമായ കമ്പനികള്‍ക്ക് 3 വര്‍ഷത്തെ കാലയളവിലേക്ക് ലോണ്‍ നല്‍കുമെന്നും ആദ്യ 6 മാസം പലിശ നിരക്കായ 1.5 ശതമാനം ഖത്തര്‍ സര്‍ക്കാരിന് വേണ്ടി ക്യു ഡി ബി വഹിക്കുമെന്നും ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. ഫലത്തില്‍ ഉപഭോക്താവിന് 6 മാസം പലിശയുണ്ടാവില്ല. 3 മാസത്തെ ശമ്പളം, വാടക എന്നിവ നല്‍കുന്നതിനുള്ള തുകയാണ് നിബന്ധനകള്‍ക്ക് വിധേയമായി ലോണ്‍ അനുവദിക്കുക. രണ്ടാമത്തെ 6 മാസം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലെന്‍ഡിംഗ് റേറ്റും 1 ശതമാനം സര്‍വ്വീസ് ചാര്‍ജ്ജും പലിശയായി ഉണ്ടാവും. ഇതില്‍ 1.5 ശതമാനം ക്യു ഡി വഹിക്കും. അധികം വരുന്ന തുകയാണ് ഈ കാലയളവില്‍ ഉപഭോക്താവ് നല്‍കേണ്ടത്. ബാക്കിയുള്ള 2 വര്‍ഷത്തെ പലിശ ഉപഭോക്താവ് തന്നെ നല്‍കേണ്ടതാണ്. ലെന്‍ഡിംഗ് റേറ്റും 2 ശതമാനം സര്‍വ്വീസ് ചാര്‍ജ്ജമുള്‍പ്പെട്ടതാവും പലിശ.

എത്ര അനുവദിക്കും
ഒരു കമ്പനിക്ക് പരമാവധി 7.5 മില്യണ്‍ റിയാലാണ് അനുവദിക്കുക. ഒരു മാസം പരമാവധി 2.5 മില്യണ്‍ റിയാലാണ് ഒരു കമ്പനിക്ക് അനുവദിക്കുക. ഇത് 3 വര്‍ഷ കാലയളവില്‍ തിരിച്ചടക്കണം.
അപേക്ഷ എവിടെ സമര്‍പ്പിക്കണം
കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന ബാങ്കിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതാതു ബാങ്കുകള്‍ അവ പരിശോധിച്ച ശേഷം ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന് സമര്‍പ്പിക്കും. ക്യു ഡി ബി വിലയിരുത്തി ആവശ്യമായ തുക വകയിരുത്തി, കമ്പനിയുമായി ബന്ധപ്പെട്ട് തുക കൈമാറും. തുക കൈമാറാന്‍ ആവശ്യമായ അധിക രേഖകള്‍ നല്‍കേണ്ടി വരും.