
ദോഹ: ഖത്തര്‍ മുന്‍ സാംസ്കാരിക വകുപ്പ് മേധാവിയും പ്രമുഖ പുരാവസ്തു ശേഖരണ വിദഗ്ധനുമായ ശൈഖ് സഊദ് ബിന്‍ മുഹമ്മദ് ബിന്‍ അല്‍താനിക്ക് സമര്‍പ്പണമായി പ്രത്യേക പ്രദര്‍ശനത്തിനു തുടക്കമായി. ഖത്തര്‍ മ്യൂസിയംസിന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ ഇസ്ലാമിക് മ്യൂസിയം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശൈഖ് സഊദ് അല്‍താനി 2014ല്‍ 48-ാം വയസില്‍ ലണ്ടനില്‍വെച്ച് മരണപ്പെടുകയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥമാണ് ‘എ ഫാല്‍ക്കണ്‍സ് ഐ’ എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 1997 മുതല്‍ 2005 വരെ ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്റ് ഹെറിറ്റേജ് മേധാവിയായിരുന്ന ശൈഖ് സഊദ് അല്‍താനി ഖത്തറിലെ ഏറ്റവും മികച്ച കളക്ടര്മാരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ പുരാവസ്തുശേഖരം ഏറെ വിഖ്യാതമായിരുന്നു. ഖത്തര്‍ മ്യൂസിയംസിന്റെ ലോകോത്തര ശേഖരങ്ങള്‍ക്ക് അടിത്തറപാകുന്നതില്‍ പ്രധാന പങ്കും ഉത്തരവാദിത്വവും വഹിച്ചത് ഇദ്ദേഹമായിരുന്നു. ചരിത്രാതീത ഫോസിലുകള്‍, ഈജിപ്ഷ്യന്‍ പുരാതനവസ്തുക്കള്‍, ഓറിയന്റലിസ്റ്റ് പെയിന്റിങുകള്‍, ഫോട്ടോഗ്രാഫി ചരിത്രത്തിലെ മാസ്റ്റര്‍പീസുകള്‍ തുടങ്ങി 300 ലധികം മികച്ച കലാസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുരാതന (നവോത്ഥാനം) ‘കൗതുകങ്ങളുടെ കാബിനറ്റ്’ എന്ന ആശയം പിന്തുടര്ന്ന്, പ്രകൃതി ചരിത്രത്തോടും കലാലോകത്തോടുമുള്ള ശൈഖ് സഊദിന്റെ താല്പര്യം പ്രതിഫലിപ്പിക്കുന്നതാണ് പ്രദര്‍ശനം. അടുത്തവര്‍ഷം ഏപ്രില്‍ 10 വരെ പ്രദര്‍ശനം തുടരും. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്കുശേഷം മൂന്നു വരെയാണ് പ്രവേശനം. ഓണ്‍ലൈന്‍ മുഖേന മുന്‍കൂര്‍ ടിക്കറ്റ്്് എടുക്കണം. മാസ്ക്്് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിക്കണം. പ്രവേശന കവാടത്തില്‍ ശരീര താപനില പരിശോധിക്കും. ഇഹ്്്തിറാസ് മൊബൈല്‍ ആപ്പിലെ ആരോഗ്യനില പച്ചയെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ശൈഖ് സഊദിന്റെ കലയോടുള്ള സ്നേഹം പരിധിയില്ലാത്തതാണെന്നും സമൂഹത്തെ സേവിക്കുന്നതിനായി ഖത്തറില്‍ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിഭവങ്ങള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ അല്‍മയാസ ബിന്ത് ഹമദ് അല്‍താനി പറഞ്ഞു. ശൈഖ് സഊദ് തന്റെ ദൗത്യത്തില്‍ വിജയിച്ചു. അദ്ദേഹത്തെ ആഘോഷിക്കുന്നവിധത്തില് ഇത്തരമൊരു പ്രദര്‍ശനം ഒരുക്കുന്നതിലെ ആഹ്ലാദവും അവര്‍ പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശനാശം സംഭവിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി ശഹാനിയ്യയില്‍ സ്വന്തമായി അല്‍ വാബ്ര വൈല്‍ഡ് ലൈഫ് പ്രിസര്വെഷന് ശൈഖ് സഊദ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വംശനാശം സംഭവിക്കുന്ന വിവിധ വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ‘ഗ്രീന്‍ ഹൗസും’ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോഗ്രഫിയിലുള്ള താല്പര്യം കാരണം 2000ല്‍ അല്‍താനി അവാര്‍ഡ് ഫോര്‍ ഫോട്ടോഗ്രഫിക്ക് തുടക്കം കുറിച്ചു. ഖത്തറിലെ ഫോട്ടോഗ്രഫര്‍മാര്‍ക്കായി തുടക്കമിട്ട പുരസ്കാരം, ലോകത്തെ അറിയപ്പെടുന്ന പുരസ്കാരങ്ങളിലൊന്നാണ്. ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാ വര്‍ഷവും മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. ഏറ്റവും കൂടുതല്‍ തുക അവാര്‍ഡായി നല്കുന്ന മത്സരങ്ങളിലൊന്നാണിത്