ദോഹ: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ജീവക്കാരെയും യാത്രക്കാരെയും മാത്രം ഉള്‍പ്പെടുത്തി വിമാനസര്‍വീസ് നടത്തി ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ലോകത്തിലെ പ്രഥമ കോവിഡ് വാക്‌സിനേഷന്‍ വിമാനസര്‍വീസെന്ന നേട്ടമാണ് ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ സ്വന്തമാക്കിയത്. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കാന്‍ നിയോഗിച്ചതും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നിനാണ് വാക്‌സിനേഷന്‍ വിമാനം ക്യുആര്‍6421 വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്. ഈ വിമാനത്തിലെ ആദ്യ യാത്രക്കാരനായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫുമുണ്ടായിരുന്നു.
കര്‍ശനമായ ശുചിത്വ, സുരക്ഷാ നടപടികളാണ് എയര്‍ക്രാഫ്റ്റില്‍ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും നൂതനമായ സീറോ ടച്ച് ഇന്‍ ഫ്‌ളൈറ്റ് വിനോദ സാങ്കേതികവിദ്യയാണ് മറ്റൊരു സവിശേഷത. എയര്‍ലൈനിന്റെ ഏറ്റവും സാങ്കേതികമായി മെച്ചപ്പെട്ടതും സുസ്ഥിരവുമായ എയര്‍ക്രാഫ്റ്റായ എയര്‍ബസ് എ350-1000 ഉപയോഗിച്ചാണ് സര്‍വീസ്.
വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഈ പ്രത്യേക വിമാനസര്‍വീസ് അന്തര്‍ദേശീയ യാത്രകള്‍ വീണ്ടെടുക്കുന്നതിനുള്ള അടുത്തഘട്ടം വിദൂരമല്ലെന്ന് വ്യക്തമാക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെപ്പെടുത്ത ജീവനക്കാരെയും യാത്രക്കാരെയും ഉള്‍ക്കൊള്ളിച്ച് ആദ്യ വിമാനസര്‍വീസ് നടത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാനത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുടെ ഒരു ദീപം നല്‍കി വ്യവസായത്തെ നയിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്നും അല്‍ബാകിര്‍ പറഞ്ഞു.