
ദോഹ: ഈ അധ്യയനവര്‍ത്തിലെ ജനറല്‍ സ്‌പെഷ്യലൈസ്ഡ് സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്(എസ്എസ്‌സി) രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ജൂണ്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ 13-ാം തീയതിവരെയാണ് പരീക്ഷ. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 149 സ്ഥലങ്ങളിലായി ഏകദേശം 11,500 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതുന്നുണ്ട്. നിരീക്ഷകരായും വിവിധ കമ്മിറ്റികളിലായും 6,100 ജീവനക്കാരെ നിയോഗിക്കും. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ആര്‍ട്‌സ്, ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ ഐച്ഛിക വിഷയങ്ങളുടെ പരീക്ഷ ജൂണ്‍ മൂന്നിന് നടക്കും. പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം പരീക്ഷ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരത്തിനുശേഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന ഫലങ്ങള്‍ പ്രഖ്യാപിക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളിലെത്തിക്കും. കൂടാതെ വിദ്യാര്‍ഥികളെ എസ്എംഎസിലൂടെ തീയതി അറിയിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മന്ത്രാലയം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലേഹ് അല്‍നുഐമി പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള നിരന്തര ആശയവിനിമയത്തിനു പുറമെ എല്ലാ വിഷയങ്ങള്‍ക്കും സമഗ്രമായ പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ക്കുള്ള തയാറെടുപ്പുകള്‍ നന്നായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ്(കോവിഡ്-19) ആഗോള വ്യാപനത്തിന്റെ വെളിച്ചത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയവും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പരീക്ഷകള്‍ സുരക്ഷിതമായ സാഹചര്യത്തില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കും. ഈ സാഹചര്യങ്ങളില്‍ പരീക്ഷകള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനായി മന്ത്രാലയത്തിന്റെ സ്റ്റുഡന്റ് അസസ്‌മെന്റ് ഓഫീസ് നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാമുറികളില്‍ തിരക്കില്ലെന്ന് ഉറപ്പാക്കും. ഒരു ക്ലാസ് മുറിയില്‍ പരമാവധി എട്ടു വിദ്യാര്‍ഥികളായിരിക്കും ഉണ്ടാകുക. ഒരു വലിയ ജിം ഹാളില്‍ 40 വിദ്യാര്‍ഥികളുണ്ടാകും. വിദ്യാര്‍ഥികള്‍ക്കിടയില്‍ നാലു മീറ്റര്‍ വരെ അകലമുണ്ടായിരിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഗ്രേഡിങ്- കണ്‍ട്രോള്‍ കേന്ദ്രങ്ങളിലും മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കും. പരിശോധനകള്‍ക്കായി തെര്‍മോ മീറ്ററുകളുമുണ്ടാകും. രണ്ടാം സെമസ്റ്ററിലെ പരീക്ഷാ നടത്തിപ്പിനായി ആരോഗ്യ സുരക്ഷാ മാന്വലും തയാറാക്കിയിട്ടുണ്ട്. പരീക്ഷയില്‍ പങ്കാളികളാകുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കുമായി ബോധവല്‍ക്കരണ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. പരീക്ഷാ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണി് ആരംഭിക്കും. ആവശ്യമായ എല്ലാ മുന്‍കരുതലും പ്രാബല്യത്തിലായിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണിത്. ഗ്രേഡിങ് മൂല്യനിര്‍ണം, സെക്കന്ററി സര്‍ട്ടിഫിക്കറ്റ് നിയന്ത്രണം എന്നിവക്കായി രണ്ടു വലിയ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗ്രേഡിങ് പ്രക്രിയ്യയില്‍ തിരക്കോ മറ്റു തടസങ്ങളോ ഉണ്ടാകാതിരിക്കാനാണിത്.
ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും അനുസരിച്ചാണ് ഗ്രേഡിങ്, കണ്‍ട്രോള്‍ കമ്മിറ്റികളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. സ്‌കൂളുകളിലേക്കുള്ള ഗതാഗതവും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മിക്ക വിദ്യാര്‍ഥികളും അവരുടെ സ്വന്തം കാറുകളിലായിരിക്കും പരീക്ഷക്കെത്തുക. മറ്റുള്ളവരെ സ്‌കൂള്‍ ബസില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും. ഒരു സ്‌കൂള്‍ ബസില്‍ എട്ടു വിദ്യാര്‍ഥികള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്‍പും പരീക്ഷകള്‍ അവസാനിച്ചശേഷവും ഡ്രൈവര്‍മാരെ പതിനാല് ദിവസം ഐസൊലേഷനിലേക്ക് മാറ്റും. വിദ്യാര്‍ഥികളില്‍ കോവിഡ് ബാധയില്ലെന്ന്് ഉറപ്പുവരുത്തുന്നതിനായി ബസ്സിലേക്കും സ്‌കൂളിലേക്കും പ്രവേശിക്കുന്നതിനുമുമ്പ് ബസ് നിരീക്ഷകന്‍ വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കും.