
ദോഹ: ഈ അധ്യയനവര്‍ഷത്തിലെ ജനറല്‍ സ്പെഷ്യലൈസ്ഡ് സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്(എസ്എസ്സി) രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷകള്‍. 149 സ്ഥലങ്ങളിലായി ഏകദേശം 11,500 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. നിരീക്ഷകരായും വിവിധ കമ്മിറ്റികളിലായും 6,100 ജീവനക്കാരും പരീക്ഷാനടത്തിപ്പില്‍ പങ്കാളികളായി.
ബിസിനസ് അഡ്മിനിസ്ട്രേഷന്, ആര്‍ട്സ്, ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ഐച്ഛിക വിഷയങ്ങളുടെ പരീക്ഷയും പൂര്‍ത്തിയായി. വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരത്തിനുശേഷം മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന ഫലങ്ങള്‍ പ്രഖ്യാപിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകളിലെത്തിക്കും. കൂടാതെ വിദ്യാര്‍ഥികളെ എസ്എംഎസിലൂടെ തീയതി അറിയിക്കും.
ലോകത്തെ മുഴുവന്‍ ബാധിച്ച അസാധാരണമായ ആരോഗ്യസ്ഥിതിക്കിടയിലും പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ ഹമ്മാദി അഭിനന്ദിച്ചു. മാതൃകാപരമായ സമീപനമാണ് വിദ്യാര്‍ഥികളുടേതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിലെ സ്കൂള്‍ ലീഡേഴ്സ്, അധ്യാപകര്‍, ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. ഇവരുടെയെല്ലാം പൂര്‍ണ്ണമായ പ്രതിബദ്ധതയില്ലാതെ ഈ പരീക്ഷകള്‍ വിജയകരമായി നടപ്പാക്കാനാകുമായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രേഡിങ് മൂല്യനിര്‍ണം, സെക്കന്ററി സര്‍ട്ടിഫിക്കറ്റ് നിയന്ത്രണം എന്നിവക്കായി രണ്ടു വലിയ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗ്രേഡിങ് പ്രക്രിയ്യയില്‍ തിരക്കോ മറ്റു തടസങ്ങളോ ഉണ്ടാകാതിരിക്കാനാണിത്. ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും അനുസരിച്ചാണ് ഗ്രേഡിങ്, കണ്ട്രോള് കമ്മിറ്റികളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷകള്‍ നടത്തിയത്. പരീക്ഷാമുറികളില്‍ തിരക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു.
ഒരു ക്ലാസ് മുറിയില്‍ പരമാവധി എട്ടു വിദ്യാര്‍ഥികളെയും വലിയ ജിം ഹാളില്‍ 40 വിദ്യാര്‍ഥികളെയുമാണ് അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നാലു മീറ്റര്‍ വരെ അകലവും പാലിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഗ്രേഡിങ്- കണ്ട്രോള് കേന്ദ്രങ്ങളിലും മാസ്ക്കുകള്‍, ഗ്ലൗസുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിരുന്നു. പരിശോധനകള്‍ക്കായി തെര്‍മോ മീറ്ററുകളുടെ സേവനവും പ്രയോജനപ്പെടുത്തി.