Saturday, August 15ESTD 1934

സ്റ്റാര്‍സ് ലീഗ്: ഷഹാനിയക്ക് വിജയം, വഖ്‌റ- സെയ്‌ലിയ മത്സരം സമനിലയില്‍

ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ഷഹാനിയ- അല്‍അഹ്‌ലി മത്സരത്തില്‍ നിന്ന്‌

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ 18-ാം റൗണ്ടിലെ അവസാന മത്സരങ്ങളില്‍ അല്‍ഷഹാനിയ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അല്‍അഹ്‌ലിയെ തോല്‍പ്പിച്ചപ്പോള്‍, വഖ്‌റ- സെയ്‌ലിയ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 19-ാം റൗണ്ട് മത്സരങ്ങള്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും.
അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷഹാനിയക്കുവേണ്ടി 22-ാം മിനുട്ടിലും 29-ാം മിനുട്ടിലും റാമിന്‍ റിസെയിനും 81-ാം മിനുട്ടില്‍ ജീന്‍ പോള്‍ കെസ്സെ മാംഗ്വയും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. 59-ാം മിനുട്ടില്‍ അഹമ്മദ് അകെയ്ചിയാണ് അല്‍അഹ്‌ലിയുടെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഷഹാനിയക്ക് ആശ്വാസമായി ഈ വിജയം. രണ്ടു വിജയവും ഏഴു സമനിലയും ഒന്‍പത് തോല്‍വിയുമായി 13 പോയിന്റോടെ ലീഗില്‍ അവസാന സ്ഥാനത്താണ് അവര്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അവര്‍ സെക്കന്റ് ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. അതേസമയം ഷഹാനിയക്കെതിരായ പരാജയം അഹ്‌ലിക്ക് കനത്ത തിരിച്ചടിയായി. അഞ്ചു വിജയവും നാലു സമനിലയും ഒന്‍പത് തോല്‍വിയുമായി 19 പോയിന്റോടെ ഗ്രൂപ്പില്‍ എട്ടാമതാണ് അല്‍അഹ്‌ലി. വഖ്‌റയിലെ അല്‍ജനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന സെയ്‌ലിയ- വഖ്‌റ മത്സരം ഗോള്‍രഹിത സമനിലയിലായി. ലീഗില്‍ 24 പോയിന്റുമായി ഗ്രൂപ്പില്‍ ആറാമതാണ് സെയ്‌ലിയ. 20 പോയിന്റുമായി വഖ്‌റ ഏഴാമത്.

error: Content is protected !!