in ,

നെയ്മറിന് കെട്ടിപ്പിടിച്ചൊരുമ്മ; ആഹ്ലാദത്താല്‍ കണ്ണ് നനഞ്ഞ് കുഞ്ഞാന്‍

 

974 സ്‌റ്റേഡിയത്തില്‍ വെച്ച് നെയ്മറിനെ ആശ്ലേഷിച്ച് മുത്തം നല്‍കുന്ന കുഞ്ഞാന്‍

അശ്‌റഫ് തൂണേരി/ദോഹ:
നെയ്മറിനെ നേരില്‍ക്കാണുന്നത് പോലും സ്വപ്‌നമായിക്കണ്ട കുഞ്ഞാന് ഇപ്പോഴും സ്വയം വിശ്വസിക്കാനാവുന്നില്ല. സാക്ഷാല്‍ നെയ്മറിനെ കെട്ടിപ്പിടിച്ചൊരു മുത്തം നല്‍കാനായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് പൂവണിഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ കണ്ണുകള്‍ നനഞ്ഞിരുന്നു മലപ്പുറം, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി സ്വദേശി കുഞ്ഞാന്.
ബ്രസീലും തെക്കന്‍ കൊറിയയും തമ്മില്‍ നടന്ന മത്സരത്തിന്റെ തൊട്ടുമുമ്പാണ് കുഞ്ഞാന്‍ റാസ്അബൂഅബൂദിലെ 974 സ്‌റ്റേഡിയത്തിലെത്തിയത്. ഇരുടീമുകളും പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ കൊറിയന്‍ ടീമിന് മുന്നിലായി വീല്‍ ചെയറില്‍ സ്ഥാനമുറപ്പിച്ചു അദ്ദേഹം. ചെറുപ്പത്തില്‍ പോളിയോബാധിച്ച് അരക്ക് താഴെ തളര്‍ന്ന കുഞ്ഞാന്‍ മികച്ചൊരു ഫുട്‌ബോള്‍ സംഘാടകനാണ്. ജീവിതത്തോട് നിരന്തരം പൊരുതുന്ന ആ യുവാവിന് ഖത്തര്‍ ലോകകപ്പ് സംഘാടനത്തില്‍ തന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നതറിഞ്ഞതുമുതല്‍ ദോഹയിലേക്ക് പുറപ്പെടാനുറച്ചിരുന്നു. പത്തു ടിക്കറ്റുകളുമായാണ് അടുത്ത കൂട്ടുകാരന്‍ ഷബീബിനൊപ്പം ഖത്തറിലെത്തിയത്. പ്രവാസികളും സ്വദേശികളും ഊഷ്മളമായി സ്വീകരിച്ചു. ഇഷ്ട ടീം ബ്രസീലാണ്. ജര്‍മ്മന്‍-സ്‌പെയിന്‍ കളികാണാന്‍ നേരത്തെ കുഞാനെത്തിയിരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്ന ഖത്തര്‍ ലോകകപ്പില്‍ കുഞ്ഞാന്റെ സാന്നിധ്യം അറിഞ്ഞ ഫിഫ ഉദ്യോഗസ്ഥര്‍ മത്സരം നടക്കുന്ന വേദിക്കടുത്ത് കൊണ്ടുപോയി കുഞ്ഞാന് കളിക്കാരെ കാണിച്ചുകൊടുത്തു. ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല. ബ്രസീല്‍ ടീമിനെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനുമുള്ള ആഗ്രഹം അദ്ദേഹം അന്നേരം പ്രകടിപ്പിച്ചിരുന്നു. നെയ്മാറിനെ കാണാനുള്ള ആഗ്രഹവുമായി നേരത്തെ അദ്ദേഹം തങ്ങിയ ഹോട്ടലില്‍ ചെന്നെങ്കിലും സാധിച്ചില്ല. 974 സ്‌റ്റേഡിയത്തിലെത്തിയ കുഞ്ഞാന്‍ തന്റെ ആഗ്രഹം ഫിഫ പ്രതിനിധികളിലൊരാളായ ഇറ്റാലിയന്‍ വനിതയെ അറിയിച്ചു. അവരൊന്നും പറയാതെ പോയി. എന്നാല്‍ അവര്‍ തിരിച്ചെത്തിയത് ഗ്രൗണ്ടിലേക്കുള്ള പ്രവേശനത്തിന് അനുമതിയുള്ള ടാഗുമായിട്ടായിരുന്നു. ഖത്തര്‍ ലോകകകകപ്പ് ഫുട്‌ബോളില്‍ ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി കളിക്കുമുന്നേ ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ അവസരം ഗ്യാലറിയിലിരുന്ന് കളി കണ്ട് തിരിച്ചുപോകേണ്ടി വരുമായിരുന്ന കുഞ്ഞാനെ ഗ്രൗണ്ടിലെത്തി കളി കാണാനുള്ള അവസരത്തിലേക്കെത്തിച്ചു. നെയ്മറും ബ്രസീല്‍ ടീമും ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ വിളിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഗ്രൗണ്ടിലേക്കിറങ്ങാനെത്തിയ ഡാനി ആല്‍വസ് കുഞ്ഞാന് ആദ്യം കൈ കൊടുത്തു. തൊട്ടുപിറകെ ഓരോ താരങ്ങള്‍ എത്തി. പെട്ടെന്ന് അതാ വരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷബീര്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടപാതി നിയന്ത്രണം വിട്ട കുഞ്ഞാന്‍ നെയ്മറേന്ന് വിളിച്ചുപോയി. ആദ്യം വിളി കേട്ടില്ല. പിന്നീട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കുഞ്ഞാന്‍ കൈകൂപ്പി നിന്നു. അതോടെ നെയ്മാര്‍ അടുത്തെത്തിയതും കുഞ്ഞാന്‍ കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു. സ്വപ്‌നസാഫല്യത്താല്‍ കുഞ്ഞാന്‍ ആഹ്ലാദത്തിന്റെ നെറുകയിലെത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സഫാരി 10, 20, 30 പ്രമോഷനു തുടക്കമായി

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും