
ദോഹ: തൊഴിലാളികള്‍ക്ക് നൈപുണ്യവും തൊഴില്‍സ്വഭാവവും കണക്കിലെടുക്കാതെ നല്‍കേണ്ട തുകയാണ് മിനിമം വേതനമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം 1,000 റിയാലായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ തൊഴിലാളിക്ക് തൊഴിലുടമ ഭക്ഷണവും താമസ സൗകര്യവും നല്‍കുകയും വേണം. ഭക്ഷണവും താമസവും തൊഴിലുടമ അനുവദിക്കുന്നില്ലങ്കില്‍ ഭക്ഷണത്തിന് 300 റിയാലും താമസ സൗകര്യത്തിന് 500 റിയാലും ഉള്‍പ്പടെ 1800 റിയാലാണ് പ്രതിമാസം നല്‍കേണ്ടത്.
താമസസൗകര്യം മാത്രമാണ് നല്‍കുന്നതെങ്കില്‍ ഭക്ഷണത്തിന്റെ 300 റിയാല്‍ കൂടി ചേര്‍ത്ത് 1300 റിയാലാണ് മിനിമം വേതനം. കൂടുതല്‍ തുകക്ക് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ കരാറില്ലെങ്കില്‍ മാത്രമാണ് മിനിമം വേതനം ബാധകമാകുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നല്‍കിയത്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തി ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിലാകും.
മിനിമം വേതനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ തൊഴില്‍ പരിശോധനാവകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ദോസരി പറഞ്ഞു. വ്യവസ്ഥ ലംഘിച്ചാല്‍ പരമാവധി 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ. നേരത്തെ മിനിമം വേതനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് ഒരു മാസം തടവും പരമാവധി 6000 റിയാല്‍ പിഴയുമായിരുന്നു ശിക്ഷ.
അതാണിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ തടയുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് ഫഹദ് അല്‍ദോസരി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തൊഴിലാളിക്ക് അനുയോജ്യമായ താമസ സൗകര്യം ലഭ്യമാക്കിയില്ലെങ്കില്‍ തൊഴിലുടമ്ക്ക് ആറു മാസം തടവും 2,000 മുതല്‍ 1,00,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. ലംഘനം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ കൂടുതല്‍ കഠിനമാകും. വിദഗ്ധ തൊഴിലാളികളെ നിയമിക്കുക, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് മിനിമം വേതനം ലക്ഷ്യമിടുന്നതെന്നും ഫഹദ് അല്‍ദോസരി പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വേതന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്. അതേസമയം മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ വേതനം ലഭിക്കുന്നവരെ നിയമം ബാധിക്കുകയില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തൊഴില്‍ കരാര്‍ കാലയളവിലോ കരാര്‍ കാലയളവ് അവസാനിച്ചതിന് ശേഷമോ പ്രൊബേഷന്‍ കാലയളവിലോ നിയമപ്രകാരം ഒരു ജീവനക്കാരന് തൊഴില്‍മാറ്റത്തിന് അര്‍ഹതയുണ്ടെന്ന് മന്ത്രാലയത്തിലെ തൊഴില്‍ ബന്ധ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല മുബാറക് അല്‍ദോസാരി പറഞ്ഞു.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരുടെ നേതൃത്വത്തില്‍ മൂന്നു തര്‍ക്ക പരിഹാര സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ സമിതികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.