
ദോഹ: കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ ആഗോള സഹകരണം അനിവാര്യമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി വ്യക്തമാക്കി. കോവിഡ് ആഗോള ആരോഗ്യ പ്രതിസന്ധി മാത്രമല്ല, മാനുഷിക സാമ്പത്തിക പ്രതിസന്ധിയാണെന്നും അല്‍കുവാരി കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരായ പോരാട്ടത്തില്‍ ആഗോള സമൂഹത്തിന്റെ ശക്തമായ സഹകരണം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയുടെ ആഘാതത്തെ നേരിടാന്‍ ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ ഊന്നല്‍ നല്‍കുന്നുണ്ട്. ഏറ്റവും കുറവ് വികസനമുള്ള രാജ്യങ്ങള്‍ ഉള്‍പ്പടെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളില്‍ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ ആരോഗ്യമന്ത്രി അതീവ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാഭ്യാസ സംവിധാനങ്ങളില്‍ കോവിഡ് മഹാമാരി ഗൗരവമായി ബാധിച്ചിട്ടുണ്ട്.
ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള അവസരങ്ങളും കോവിഡിനെത്തുടര്‍ന്ന് നഷ്ടമായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്് സെക്യൂരിറ്റി ഗ്രൂപ്പുമായി നടത്തിയ ഉന്നത തല വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാം സെഷനോട് അനുബന്ധിച്ച് ‘ കോവിഡ്-19 പ്രതിസന്ധിയുടെ ദൈര്‍ഘ്യം: പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കലും ഭാവി തലമുറയുടെ സംരക്ഷണവും’ എന്ന വിഷയത്തിലായിരുന്നു ഉന്നതതലയോഗം. കാനഡ, ഡെന്‍മാര്‍ക്ക്, കൊറിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയായിരുന്നു യോഗം. കോവിഡ് ഫലപ്രദമായ ബഹുമുഖ സഹകരണം അനിവാര്യമാക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. ഐക്യദാര്‍ഢ്യത്തിലൂടെയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും മാത്രമെ എല്ലാവര്‍ക്കും ഈ ഭീഷണിയെ മറികടക്കാന്‍ കഴിയൂ.
കോവിഡ്-19 പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ ലോക വാക്സിന്‍ അലയന്‍സിന് (ഗവി) രണ്ടു കോടി ഡോളറും കോവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനക്കായി ഒരു കോടി ഡോളറുമാണ് ഖത്തര്‍ സംഭാവന നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.