
ദോഹ: ഖത്തറിലെ ഭവന്‍സ് സ്കൂള്‍ അധ്യാപകന് കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ്‍ പോളിന്റെ(34) വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും സുഹൃത്തുക്കളും. ഭവന്‍സ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജോണ്‍. നാട്ടില്‍വെച്ച് ബന്ധുവിന്റെ കുത്തേറ്റായിരുന്നു മരണം. കുമ്പളം സ്വദേശി ആഷിഖാണ് ജോണ്‍ പോളിനെ കുത്തിയത്. മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണിന് കുത്തേല്‍ക്കുന്നത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോണിന്റെ വിയോഗം ഞെട്ടലുളവാക്കുന്നതാണെന്ന്് ദോഹയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിദ്യാര്‍ഥികളും പ്രതികരിച്ചു. 2014 മുതല്‍ ഭവന്‍സ് സ്കൂള്‍ അധ്യാപകനായിരുന്നു ജോണ്‍. ഇംഗ്ലീഷ് വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്ന ജോണ്‍ മികച്ച അധ്യാപകനായിരുന്നുവെന്ന്സ്കൂള് മാനേജിങ് കമ്മിറ്റി പ്രസിഡന്റും ഐസിസി പ്രസിഡന്റുമായ പി.എന്‍ ബാബുരാജന് പ്രതികരിച്ചു. കുട്ടികളോടു നല്ലരൂപത്തില്‍ പെരുമാറിയിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്കൂളിന് നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു. ജോണിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് ഭവന്‍സ് സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക ആഷ ഷൈജു ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരെയും ഏതുസമയത്തും സഹായിക്കാന്‍ സന്നദ്ധനായിരുന്ന ഒരു നല്ലമനസ്സിന്റെ ഉടമയെയാണ് നഷ്ടമായതെന്നും അവര്‍ അനുസ്മരിച്ചു. വളരെ മികച്ച അധ്യാപകനെയാണ് നഷ്ടമായതെന്ന് വിദ്യാര്‍ഥികളും പ്രതികരിച്ചു. ലിജിയാണ് മരിച്ച ജോണ്‍പോളിന്റെ ഭാര്യ. രണ്ടുവയസുകാരന് പ്രിന്‍സ് മകന്.