
ദോഹ: കോവിഡ് വാക്സിനോടുള്ള ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് നൂതനമായ ഗവേഷണ പഠനത്തിനു തുടക്കംകുറിച്ചു. വാക്സിനെക്കുറിച്ച് ജനങ്ങളില്‍ എത്രത്തോളം അവബോധമുണ്ടെന്നതും ഈ പൊതുസര്വേയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദ്ദിഷ്ട വാക്സിനേഷന് പ്രോഗ്രാമിനെക്കുറിച്ച് വ്യത്യസ്ത തലത്തിലുള്ള അറിവുകളാണ് ജനങ്ങള്‍ക്കുള്ളത്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിലെ ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായിരിക്കും പഠനം. എച്ച്എംസിയുടെ മാനസികാരോഗ്യ സേവന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ. അറബിയിലോ ഇംഗ്ലീഷിലോ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. കോവിഡ് വാക്സിന് രാജ്യത്ത് ലഭ്യമാക്കുന്നതിനായി ഖത്തര്‍ പദ്ധതികള്‍ തയാറാക്കുന്നതിനാല്‍ ഭാവി തീരുമാനങ്ങളെടുക്കുന്നതിന് സര്‍വേയിലെ കണ്ടെത്തലുകള്‍ സഹായകമാകും. ഈ ഗവേഷണപഠനം കോവിഡ് വാക്സിനെക്കുറിച്ചുള്ള ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ഉതകുന്നതായിരിക്കുമെന്ന് എച്ച്എംസി മാനസികാരോഗ്യ സേവന വിഭാഗം ചെയര്മാന് ഡോ. മാജിദ് അല്‍അബ്ദുല്ല പറഞ്ഞു. കോവിഡ് വാക്സിനായി ഭാവി പദ്ധതികള്‍ രൂപപ്പെടുത്താനും സഹായകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെ മാരകമായ രോഗങ്ങളില്‍നിന്നും രക്ഷിക്കുന്നതില്‍ വാക്സിനുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും വാക്സിനുകളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. വാക്സിനുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളായിരിക്കും ചിലപ്പോള്‍ പലരും മനസിലാക്കുക, വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച തെറ്റായ വിവരങ്ങളും സ്വാധീനിച്ചേക്കാം. ഇക്കാരണങ്ങളാല്‍ കോവിഡ് വാക്സിനെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കുന്നതും ചിന്തിക്കുന്നതും സംബന്ധിച്ച സമഗ്രമായ ധാരണയുണ്ടായിരികേണ്ടത് വളരെ പ്രധാനമാണെന്നും ഡോ.അല്‍അബ്ദുല്ല പറഞ്ഞു. കോവിഡ് ഖത്തറിലെ ഓരോ വ്യക്തിയെയും ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
അതിനാല്‍ കഴിയുന്നത്ര ആളുകള്‍ സര്‍വേയോടു പ്രതികരിക്കാന്‍ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കും സര്‍വേ. ഈ സുപ്രധാന വിഷയത്തില്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ പഠനസര്‍വേ സഹായിക്കുമെന്നും ഡോ. അല്‍അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. കോവിഡിനായി സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് വികസിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ കഠിനമായ പരിശ്രമങ്ങളാണ് നടത്തുന്നത്.
കോവിഡ് വാക്സിന് ആഗോളതലത്തില്‍ ഉപയോഗത്തിനായി പുറത്തിറങ്ങിയാലുടന്‍ വാങ്ങുന്നതിനായി ഫൈസര്‍- ബയോഎന്‍ടെക്, മോഡേണ എന്നീ കമ്പനികളുമായി ഖത്തര്‍ രണ്ടു കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. ഖത്തറില്‍ അംഗീകൃത കോവിഡ് വാക്സിന് ലഭിച്ചാലുടന്‍, ഏറ്റവും ആവശ്യം അര്‍ഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വാക്സിന് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പഠനസര്വേയെന്ന് കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യ കര്‍മ്മപദ്ധതിയുടെ ചെയര്മാന് ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.