
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ കഴിഞ്ഞ ദിവസം സമാപിച്ച നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’വീക്ഷിക്കാനെത്തിയത് ആയിരങ്ങള്‍. പ്രദര്‍ശനം മികച്ച വിജയമായിരുന്നുവെന്നും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനായതായും സംഘാടകര്‍ അഭിപ്രായപ്പെട്ടു. കത്താറയിലെ വിസ്ഡം സ്ക്വയറിലെ കൂറ്റന്‍ ടെന്റിലും കത്താറ ഹാളിലുമായിട്ടായിരുന്നു പ്രദര്‍ശനം. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നത്. 13 രാജ്യങ്ങളില്‍നിന്നായി 120 കമ്പനികളുടെ പങ്കാളിത്തമുണ്ടായിരുന്നു. ഖത്തര്‍, കുവൈത്ത്, പാകിസ്താന്, യുഎസ്, ബ്രിട്ടന്, സ്പെയിന്, തുര്‍ക്കി, ബെല്‍ജിയം, ലെബനന്, പോര്‍ച്ചുഗല്‍, റുമാനിയ, ഫ്രാന്‍സ്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പങ്കാളിത്തമുണ്ടായിരുന്നു. ഫാല്‍ക്കണ്‍ പ്രേമികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന വ്യാപാര പ്രവര്ത്തനങ്ങളിലേര്പ്പെടാനുളള സൗകര്യവും ഒരുക്കിയിരുന്നു. പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന ഓണ്‍ലൈനായി ഫാല്‍ക്കണ്‍ ലേലത്തിലും പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരുന്നു. കത്താറയുടെ സംഘാടനമികവിനെ പങ്കെടുത്ത കമ്പനികളും സന്ദര്‍ശകരും പ്രശംസിച്ചു. കോവിഡിന്റെ സാഹചര്യത്തിലും മിക്ച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് വിവിധ പവലിയനുകളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിനും പ്രാദേശിക വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രധാന സാമ്പത്തിക വിപണന വേദിയായി സുഹൈല്‍ മാറിയിട്ടുണ്ട്. മികച്ച പവലിയനും മികച്ച ഫാല്‍ക്കണ്‍ ഹുഡിനും പുരസ്കാരവും പ്രഖ്യാപിച്ചു. പവലിയന്റെ നൂതന രൂപകല്‍പ്പന, സര്‍ഗാത്മക ഘടകങ്ങള്‍, സന്ദര്‍ശക ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ശേഷി എന്നിവ കണക്കിലെടുത്താണ് മികച്ച പവലിയനെ തെരഞ്ഞെടുത്തത്. 20,000 റിയാലാണ് സമ്മാനത്തുക. മികച്ച ഫാല്ക്കണ്ഹുഡ് നിര്‍മാതാക്കള്‍ക്കായി യഥാക്രമം 3000, 2000, 1000 ഡോളര്‍ വീതം സമ്മാനം നല്കി. കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ട് കത്താറ റെസ്റ്റോറുകളും കഫേകളും സുഹൈലില്‍ പങ്കാളികളായി. വേട്ടസീസണ്, ഫാല്‍ക്കണറി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സുഹൈല്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. വേട്ട ആയുധങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവിധ പരിപാടികളും സുഹൈലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മനസിലാക്കുന്നതിനും വിവിധയിനം ഫാല്‍ക്കണുകളുടെ നേരിട്ടു കാണുന്നതിനും പ്രദര്‍ശനം സഹായകമായി