
ദോഹ: ഹോളിഡെ വില്ലക്ക് സമീപം മുന്തസ പാര്ക്കിന് അഭിമുഖമായി പ്രവര്‍ത്തിക്കുന്ന ദോഹയിലെ ആദ്യകാല റസ്റ്റോറന്റുകളില്‍ ഒന്നായ ടാക്സി ഹോട്ടല്‍(അല്സലഹിയ റസ്റ്റോറന്റ്) ഉടമ വെളുത്തപറമ്പത്ത് സൂപ്പി ഹാജി(70) നാട്ടില്‍ നിര്യാതനായി. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. നാദാപുരം, പാറക്കടവ്, ഉമ്മത്തൂര്‍ സ്വദേശിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൂപ്പിഹാജിയുടെ പിതാവ് അബ്ദുല്ലയാണ് സലഹിയ റസ്റ്റോറന്റ് തുടങ്ങിയത്. പിന്നീട് കാലക്രമത്തില്‍ അത് ദോഹയിലെ സാധാരണക്കാരന്റെ പ്രിയപ്പെട്ട ടാക്സി ഹോട്ടലായി മാറുകയായിരുന്നു. അബ്ദുല്ലയുടെ മരണ ശേഷമാണ് സൂപ്പി ഹാജിയും സഹോദരന് ഖാദറും റസ്റ്റോറന്റിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ദോഹയിലെ ടാക്സി ഡ്രൈവര്‍മാരുടെ ഇഷ്ട റസ്റ്റോറന്റായാണ് ടാക്സി ഹോട്ടല്‍ അറിയപ്പെട്ടത്. രാത്രി ഏറെ വൈകിയും ഹോട്ടലിന് മുന്നില്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സികളും ഡ്രൈവര്‍മാരുടെ തിരക്കുമാണ് സലഹിയ റസ്റ്റോറന്റിന് ടാക്സി ഹോട്ടല്‍ എന്ന പേര് സമ്മാനിച്ചത്.
ഹോട്ടലിലെത്തുന്ന ആരോടും സൗമ്യതയോടെയുള്ള സൂപ്പി ഹാജിയുടെ പെരുമാറ്റവും കുറഞ്ഞ നിരക്കിലുള്ള വിഭവങ്ങളുമാണ് ആളുകളെ കൂടുതലായി ഈ റസ്റ്റോറന്റുമായി അടുപ്പിച്ചത്. ഒരിക്കല്‍ ഇവിടെ എത്തി ഭക്ഷണം കഴിച്ചാല്‍ വീണ്ടും വരണമെന്നും ഹാജിയെ കാണണമെന്നുമുള്ള മോഹം ആളുകളില്‍ ജനിപ്പിച്ചത് അദ്ദേഹത്തിന്റെയും ജീവനക്കാരുടെയും സ്വഭാവ ഗുണം കൊണ്ട് തന്നെയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നാട്ടിലെ മത, സാമൂഹിക ആവശ്യങ്ങള്‍ക്കും സഹായം നല്‍കാനും സൂപ്പിഹാജി എന്നും മുന്നിലായിരുന്നു. ആദ്യകാലങ്ങളില്‍ നാട്ടില്‍ നിന്ന് ജോലി തേടിയെത്തുന്നവരുടെ അഭയ കേന്ദ്രം കൂടിയായിരുന്നു ടാക്സി ഹോട്ടല്‍.
ഭാര്യ: ഫാത്തിമ. മക്കള്‍: ജലീല്‍, ഹാരിസ്, ജസീന, സുമയ്യ. മൃതദേഹം ഇന്ന് രാവിലെ പാറക്കടവ് ജുമാ മസ്ജിദില്‍ ഖബറടക്കി.