in

ലോകകപ്പ് തൊഴിലാളികളുടെ സംരക്ഷണം: മുന്‍കരുതലുകളെടുത്തതായി സുപ്രീംകമ്മിറ്റി

ദോഹ: ഖത്തര്‍ ലോകകപ്പ് പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമുള്ള കോവിഡ്-19 പ്രതിരോധ നടപടികള്‍ക്കും ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
എല്ലാ സൈറ്റുകളിലും താമസസ്ഥലങ്ങളിലും ആരോഗ്യ പരിചരണ സംരക്ഷണ നടപടികളെടുത്തിട്ടുണ്ട്. നിലവിലുള്ള മെഡിക്കല്‍ ക്ലിനിക്കുകളുടെ ശൃംഖല ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിര്‍മാണ സൈറ്റുകളിലും താമസ സ്ഥലങ്ങളിലും ബോധവല്‍ക്കരണ സെഷനുകള്‍ നടപ്പാക്കുകയും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ താപനില ദിവസേന രണ്ടു തവണ പരിശോധനക്ക് വിധേയമാക്കുന്നു. സുപ്രീംകമ്മിറ്റി പദ്ധതികളില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട്. മാസ്‌ക്കുകളുടെ കുറവുണ്ടെങ്കില്‍ തൊഴിലാളികള്‍ സാധാരണ ഉപയോഗിക്കുന്ന വ്യക്തിഗത സ്‌കാര്‍ഫുകള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീംകമ്മിറ്റിയുടെ നിര്‍മാണ സൈറ്റുകളില്‍ സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്.എല്ലാ തൊഴില്‍ സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സൈറ്റുകളിലും താമസസൗകര്യങ്ങളിലും ഇടക്കാല അണുനാശിനി പ്രോട്ടോക്കോള്‍ നടപ്പാക്കിയിട്ടുണ്ട്. കോവിഡിന് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും 55 വയസിനു മുകളിലുള്ളവരെയും തൊഴില്‍സൈറ്റുകളില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്കായി സുപ്രീംകമ്മിറ്റി പ്രത്യേക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് വേതനം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് സുപ്രീംകമ്മിറ്റി ഉറപ്പാക്കും.
തൊഴിലാളികള്‍ക്ക് ഗുണകരമായ ഭക്ഷ്യവസ്തുക്കളുടെയും നിരോധിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെയും പട്ടിക ഇന്‍ഹൗസ് ഡോക്ടറുമായി കൂടിയാലോചിച്ച് തയാറാക്കിയിട്ടുണ്ട്. സുപ്രീംകമ്മിറ്റി സൈറ്റുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ കാറ്ററുകള്‍ക്കും ഈ പട്ടിക വിതരണം ചെയ്തു. ശുചിത്വം സംബന്ധിച്ച എല്ലാ ആവശ്യകതയും നിറവേറ്റുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ടാസ്‌ക് സ്‌പെസിഫിക് ഇന്‍സ്‌പെക്ഷന്‍(ടിഎസ്‌ഐ) ചെക്ക്‌ലിസ്റ്റ് വികസിപ്പിക്കുകയും സുപ്രീംകമ്മിറ്റിയുടെ നിര്‍മാണ സൈറ്റുകളിലെ മെസ്സ് ഹാളുകളിലുടനീളം പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
ശ്വാസകോശ രോഗലക്ഷണങ്ങളുള്ള തൊഴിലാളികളെ ആരോഗ്യമന്ത്രാലയം വിഷ്വല്‍ ട്രയേജിങ് സ്‌ക്രീനിങിനെ തുടര്‍ന്ന് വര്‍ക്ക്‌സൈറ്റ് ഡോക്ടര്‍മാരും നഴ്‌സുമാരും പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യുകയുള്ളു. ഇതുവരെയും സുപ്രീംകമ്മിറ്റി സൈറ്റുകളില്‍ സ്ഥിരീകരിച്ച കേസുകളൊന്നുമില്ല. പക്ഷെ എല്ലാ പദ്ധതികളും നിരീക്ഷിച്ചുവരികയാണ്.ക്വാറന്റൈനിലും ഐസൊലേഷനിലുമുള്ള തൊഴിലാളികള്‍ക്ക് യാതൊരു കിഴിവുമില്ലാതെ മുഴുവന്‍ വേതനവും നല്‍കുമെന്നും തൊഴിലുടമകളും കമ്പനികളും നയങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നിര്‍മ്മാണത്തൊഴിലാളികള്‍ക്കും പ്രതിദിന പ്രവര്‍ത്തനസമയം ആറുമണിക്കൂര്‍

വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു