
ദോഹ: 2022 ഫിഫ ലോകകപ്പില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ നടപടികളുമായി ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഫിഫ ലോകകപ്പ് പോലെയൊരു മെഗാ കായിക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുമ്പോഴുണ്ടാകുന്ന സൈബര്‍ വെല്ലുവിളികളെ നേരിടാന്‍ തയാറെടുപ്പുകള്‍ നടത്തിവരുന്നതായി സുപ്രീം കമ്മിറ്റി ഐടി ഡയറക്ടര്‍ മറിയം അല്‍ മുഫ്ത പറഞ്ഞു. ഒമാന്റെ ഫ്യൂച്ചര്‍ ടെക് ഉച്ചകോടി-പ്രദര്‍ശനത്തില്‍ പങ്കെടുക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വിര്‍ച്വല്‍ രീതിയിലായിരുന്നു ഉച്ചകോടി. സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡാറ്റാ സുരക്ഷാ ലംഘനങ്ങള്‍, വിവര സംവിധാനങ്ങളുടെ തകരാര്‍ ഉള്‍പ്പടെ ഉണ്ടാകാനിടയുള്ള സൈബര്‍ വെല്ലുവിളികളെയും നേരിടാന്‍ കനത്ത പ്രതിരോധമാണ് ഉറപ്പാക്കുന്നതെന്നും മറിയം അല്‍മുഫ്ത പറഞ്ഞു. സമീപകാലയളവുകളില് നടന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകള്‍, ഒളിമ്പിക് ഗെയിംസുകള്‍ എന്നിവയുള്‍പ്പടെയുള്ള കായികഇനങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നുണ്ടെന്നും അല്‍മുഫ്ത പറഞ്ഞു. 2022 ഫിഫ ലോകകപ്പിനോടു അടുക്കവെ സൈബര്‍ ഭീഷണികള്‍ വികസിക്കാന്‍ സാധ്യതയുണ്ട്. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വന്‍കിട സൈബര്‍ സുരക്ഷാ പങ്കാളികളുമായി സഹകരണം തുടരുന്നുണ്ട്. വൈദഗ്ധ്യം വിപുലീകരിച്ച് കൂടുതല്‍ ജാഗ്രതയോടെയായിരിക്കും പ്രവര്‍ത്തനമെന്നും അവര്‍ വിശദീകരിച്ചു.