
ദോഹ: ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി കേരളസര്ക്കാരിനോടു ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നും കണ്ണൂരിലേക്ക് നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുപോയിട്ടുണ്ടെന്നും സ്ഥിരമായി ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്മാന് മെഹബൂബ് നാലകത്തും ജനറല്‍ കണ്‍വീനര്‍ ഖാലിദ് ഖല്ലുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങളാണ് അധികൃതര്‍ ഉന്നയിക്കുന്നതെന്നും അതിന് ഉടന്‍ പരിഹാരം കാണണമെന്നും കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു കൂടി അനുമതി ലഭിച്ച സാഹചര്യത്തില്‍ കണ്ണൂരിലേക്ക് കാര്യങ്ങള്‍ സുഗമമാകുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രവാസികളുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനായി എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കേന്ദ്രം തുടങ്ങാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് ഖത്തര്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്കി. നിലവില്‍, കണ്ണൂര്‍ ഒഴികെ, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെല്ലാം ഈ സൗകര്യമുണ്ട്. വിമാനത്താവളം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തര മലബാറുകാരായ പ്രവാസികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടേക്കാണ് കൊണ്ടു പോയി കൊണ്ടിരിക്കുന്നത്. ഉറ്റവരുടെ മൃത ശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാങ്ങള്‍ക്ക് ഇത് മണിക്കൂറുകളുടെ കാത്തിരിപ്പിനും, കിലോമീറ്ററുകളുടെ യാത്രയ്ക്കും കാരണമാകുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്രം തുടങ്ങാന്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്ണൂര്‍ എംപി കെ.സുധാകരന് എന്നിവര്‍ക്കും നിവേദനം സമര്‍പ്പിച്ചു.