ദോഹ: അഫ്ഗാനിസ്താന് സഹായം ലഭ്യമാക്കണമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യാന്തര സമൂഹത്തോടു ആവശ്യപ്പെട്ടു. താലിബാനുമായി ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഎന്‍ പൊതുസഭയുടെ 76-ാമത് സെഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്താന് രാജ്യാന്തര സമൂഹത്തിന്റെ തുടര്‍ച്ചയായ പിന്തുണ വേണം. രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് മാനുഷിക സഹായം വേര്‍തിരിക്കേണ്ടത് സുപ്രധാനമാണ്. താലിബാനുമായി ചര്‍ച്ചകള്‍ തുടരണം. ബഹിഷ്‌കരണം ധ്രുവീകരണത്തിലേക്കും പ്രതിപ്രവര്‍ത്തനങ്ങളിലേക്കും മാത്രമേ നയിക്കൂ, അതേസമയം സംഭാഷണം പോസിറ്റീവ് ഫലങ്ങള്‍ കൊണ്ടുവരും.
അഫ്ഗാനിസ്താനിലെ പ്രശ്‌നം ജയപരാജയത്തിന്റേതല്ല. മറിച്ച് പുറത്തുനിന്ന് ഒരു രാഷ്ട്രീയസംവിധാനം അടിച്ചേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട പരാജയത്തിന്റെ പ്രശ്‌നമാണ്. ഉദ്ദേശ്യങ്ങള്‍, ശ്രമങ്ങള്‍, നിക്ഷേപി്ച്ച പണം എന്നിവയൊന്നും കണക്കിലെടുക്കാതെതന്നെ അഫ്ഗാനിസ്താനിലെ ഈ അനുഭവം 20വര്‍ഷത്തിനുശേഷം തകര്‍ന്നു. അഫ്ഗാനിസ്താന്റെ കാര്യത്തില്‍ യുദ്ധം പരിഹാരമല്ലെന്നും അവസാനം ചര്‍ച്ചകള്‍ മാത്രമായിരിക്കുമെന്നും ഖത്തറിന് ഉറപ്പുണ്ടായിരുന്നു. താലിബാനും രാജ്യാന്തരപങ്കാളികളും തമ്മില്‍ ചര്‍ച്ചകള്‍ക്കായി ദോഹയില്‍ ഓഫീസ് തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഖത്തര്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടു.
അഫ്ഗാനില്‍ സിവിലിയന്മാരെ സംരക്ഷിക്കുക, മനുഷ്യാവകാശങ്ങളെ മാനിക്കുക, തീവ്രവാദത്തിനെതിരെ പോരാടുക, സഹോദര അഫ്ഗാന്‍ ജനതയുടെ പ്രയോജനത്തിനായി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കൈവരിക്കുക തുട്ങ്ങിയ ആവശ്യങ്ങളിലൂന്നിയാണ് ഖത്തറിന്റെ നിലപാടെന്നും അമീര്‍ വ്യക്തമാക്കി. അഫ്ഗാനിലേക്ക് സഹായം എത്തിക്കുന്നതിന് രാജ്യാന്തര ശ്രമങ്ങള്‍ ശക്തമാക്കണം. അഫ്ഗാന്‍ ഒഴിപ്പിക്കലില്‍ മനുഷ്യത്വപരമായ കടമയാണ് ഖത്തര്‍ നിറവേറ്റുന്നതെന്നും അമീര്‍ വ്യക്തമാക്കി.