
ദോഹ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ കിളിമഞ്ചാരോ കീഴടക്കി ചരിത്രം സൃഷ്ടിച്ച് തമാദെര് അല്‍സുബൈ. വളരെ ചെറിയ പ്രായത്തില്‍ വിഖ്യാതമായ ആഫ്രിക്കന്‍ കൊടുമുടി ദൂരെനിന്നു കണ്ടപ്പോള്‍ ഒരു ദിവസം അതിന്റെ കൊടുമുടിയില്‍ എത്തുമെന്ന് അവള് സ്വപ്നം കണ്ടു.
ഫെബ്രുവരി ഒന്‍പതിന് ആ ദിവസമെത്തി. കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഖത്തരിയായി തമാദെര് അല്‍സുബൈ. ഖത്തര്‍ അക്കാദമി ദോഹയിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് തമാദെര്. കഠിനമായ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും ക്ഷീണത്തെയും തണുപ്പിനെയുമെല്ലാം അതിജീവിച്ചാണ് തമാദെര് ടാന്‍സാനിയന്‍ കൊടുമുടി കീഴടക്കിയത്. കൊടുമുടിയിലേക്കുള്ള കാല്‍നടയാത്രക്കിടെ ഓരോ ചുവടും മനസിന്റെ പോരാട്ടമായി മാറി. കടുത്ത തണുപ്പും കാറ്റും, ശരീരമാകെ മരവിക്കുന്ന അവസ്ഥ, കുപ്പിയിലെ വെള്ളം പോലും മരവിച്ചു. ശരീരം കൂടുതല്‍ ദുര്‍ബലമാകുന്ന അവസ്ഥ. എല്ലാ വെല്ലുവിളികളെയും അതിജിവിച്ച് മനസ്സിന്റെ ശക്തിയിലൂടെ ദൗത്യത്തിലേക്ക് നടന്നുകയറുകയായിരുന്നു- തമാദെര് പറഞ്ഞു. യാത്രയില്‍ ഊര്‍ജം കണ്ടെത്തുന്നത് എളുപ്പമല്ലായിരുന്നു, പ്രത്യേകിച്ചും മറ്റ് കാല്‍നടയാത്രക്കാര്‍ ഓക്സിജന്റെ അഭാവത്തില്‍ തളര്‍ന്നുവീഴുന്നത് കണ്ടു, ഞാന്‍ എല്ലായ്പ്പോഴും ഒരു കാല് മറ്റൊന്നിനുമുന്നില് വയ്ക്കുകയും യാത്ര ആസ്വദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും നിറഞ്ഞതായിരുന്നു യാത്ര.ആ പര്‍വതത്തിന്റെ ഓരോ ചുവടും വിജയത്തിലേക്കുള്ള ചുവടുവെപ്പായി അനുഭവപ്പെട്ടു.
മണിക്കൂറുകള്‍ നീണ്ട വേദനയെ തള്ളിമാറ്റുന്നതിനും മനസിനെ വ്യതിചലിപ്പിക്കുന്നതിനുമായി ചുറ്റുമുള്ള മനോഹരമായ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിച്ചു.- തമാദെര് പറഞ്ഞു. കുട്ടിക്കാലത്ത് തമാദെര് കുടുംബത്തോടൊപ്പം ടാന്‍സാനിയ സന്ദര്‍ശിച്ചിരുന്നു. കിളിമഞ്ചാരോ പര്‍വ്വതത്തെ അന്ന് അവള് അകലെനിന്ന് കണ്ടു. ആ കാഴ്ച അത്ഭുകരമായിരുന്നു. ആ നിമിഷം മുതല്‍ കൊടുമുടിയില്‍ കയറുകയെന്നത് തമാദെറിന്റെ സ്വപ്നമായി മാറി. ഈ ഫെബ്രുവരിയില്‍ തമാദെറിന്റെ ആ സ്വപ്നം യാഥാര്‍ഥ്യമായി. സാഹസികത സ്നേഹിക്കുകയും കുടുംബത്തെ എല്ലായിപ്പോഴും പുതിയതും രസകരവുമായ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്ത വ്യക്തിയായിരുന്നു തമാദെറിന്റെ പിതാവ്. ഏഴ് കൊടുമുടികള്‍ കീഴടക്കുകയെന്ന ലക്ഷ്യം എനിക്കുണ്ടായിരുന്നു. എന്റെ കിടപ്പുമുറിയിലുടനീളം അവയുടെ ചിത്രങ്ങള്‍ പോലുമുണ്ട്. കിളിമഞ്ചാരോയില്‍ നിന്നുള്ള തുടക്കം ദശകം ആരംഭിക്കുന്നതിനുള്ള ഒരു വിസ്മയകരമായ മാര്‍ഗമാണ്- തമാദെര് പറയുന്നു. കിളിമഞ്ചാരോയെ കീഴടക്കാന്‍ താല്പര്യപ്പെടുന്നവര്ക്ക് അഞ്ച് വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലൂടെയും പാരിസ്ഥിതിക മേഖലകളിലൂടെയും കടന്നുപോകേണ്ടതുണ്ട്. താഴത്തെ ചരിവുകള്‍, വനം, മൂര്ലാന്റ്(കുറ്റിക്കാട് നിറഞ്ഞ ഭൂമി), ഉയര്‍ന്ന മരുഭൂമി, കൊടുമുടി എന്നിവയെ മറിടക്കണം. ഇതിനര്‍ത്ഥം ചുരുങ്ങിയ സമയത്തിനുള്ളില്‍ അനുഭവിക്കാന്‍ നിരവധി പ്രകൃതി അത്ഭുതങ്ങള്‍ ഉണ്ടെന്നതാണ്.
തമാദെറിലെ പ്രകൃതിസ്നേഹിക്ക് കിളിമഞ്ചാരോ യാത്ര തെരഞ്ഞെടുക്കാന്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കിളിമഞ്ചാരോ കീഴടക്കിയ നിരവധി പര്വതാരോഹകരോടു സംസാരിച്ചു. കിളിമഞ്ചാരോ നാഷണല്‍ പാര്‍ക്കിന്റെ 2006ലെ റിപ്പോര്‍ട്ട് പ്രകാരം യാത്ര പുറപ്പെടുന്നവരില്‍ 45ശതമാനം പേര്‍ക്ക് മാത്രമാണ് ലക്ഷ്യം നേടാനാകുന്നത്. പരാജയപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന തമാദെര് എല്ലാ തയാറെടുപ്പുകളും നടത്തി. അതിനുമുമ്പ് ഒരു മലയിലും കയറിയിട്ടില്ലാത്ത തമാദെര് വെല്ലുവിളിയോടെയാണ് ഈ ദൗത്യത്തെ കണ്ടത്. ദോഹ ആസ്ഥാനമായുള്ള ജിം ആള്‍ട്ടിറ്റിയൂഡ് എലൈറ്റില്‍ അംഗമായ അവര്‍ യാത്രയ്ക്ക് ആറുമാസം മുന്‍പ് ആഴ്ചയില്‍ അഞ്ച് തവണ ഉയര്‍ന്ന തീവ്രതയോടെ എയറോബിക് പരിശീലനം നടത്തി. വിശ്രമ ദിവസങ്ങളില്‍ ശാരീരിക ഊര്‍ജം നിലനിര്‍ത്തുന്നതിനായി അഞ്ചു കിലോമീറ്റര്‍ വരെ ഓടി. ഭക്ഷണരീതിയും മാറ്റി. പരിശീലന വേളയില്‍ ഭാരം കുറക്കാന്‍ വേണ്ടി സസ്യാഹാരിയായി മാറി. നേരത്തെ 60 നിലകള്‍ കയറാനാകുമായിരുന്നെങ്കില് ഭക്ഷണക്രമം ക്രമീകരിച്ചശേഷം നൂറു നിലകള്‍ കയറാനായി. ഈ തയ്യാറെടുപ്പുകളെല്ലാം ഉണ്ടായിരുന്നിട്ടും ചുറ്റുമുള്ളവര്‍ക്കെല്ലാം സംശയമുണ്ടായിരുന്നു. 18 വയസ്സ് മാത്രമേയുള്ളൂ, ഇത് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാണോ? എന്നായിരുന്നു ചോദ്യം. നൂറുശതമാനം കഴിയുമെന്നായിരുന്നു എന്റെ മറുപടി- തമാദെര് പറഞ്ഞു. റമാഹാല എന്ന ട്രാവല്‍ കമ്പനിയുമായി ചേര്‍ന്ന് തമദര്‍ ആഫ്രിക്കയിലേക്ക് യാത്രയായി. ഈ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് ഏഴ് കൊടുമുടികളില്‍ കയറിയ ആദ്യത്തെ ഖത്തരിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനിയായിരുന്നു. പര്‍വതത്തിന്റെ മുകളിലെത്താന്‍ ആറു റൂട്ടുകളാണുണ്ടായിരുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കായി തമാദെറും സംഘവും മഷാമെ റൂട്ട് തെരഞ്ഞെടുത്തു. ഏഴു ദിവസത്തെ മലകയറ്റമായിരുന്നു. എല്ലാ ദിവസവും ആറു മുതല്‍ ഏഴു മണിക്കൂര്‍ മലയകറ്റം. ആദ്യദിവസം പിന്നിട്ടപ്പോള്‍ പേശീവേദന അനുഭവപ്പെട്ടു.
എന്നാല്‍ പിന്മാറാന് അവള് ഒരുക്കമായിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങള്‍ എളുപ്പമായി. മനോഹരമായ ഭൂപ്രകൃതി അവളെ ക്ഷീണത്തില്‍ നിന്നും വേദനയില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ സഹായിച്ചു. ഏഴാം ദിവസം ഉച്ചകോടി ദിനമായിരുന്നു, അതിശക്തമായ സാഹചര്യങ്ങളിലൂടെ ആകെ 14 മണിക്കൂര്‍ കാല്‍നടയാത്ര ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ദിവസമായിരുന്നു അത്. എന്നാല്‍ ഒടുവില്‍ ലക്ഷ്യത്തിലെത്തിയപ്പോള് എനിക്ക് ഒരു വലിയ നേട്ടം തോന്നി- തമാദെര് പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 19,341ഫീറ്റ് ഉയരമുണ്ട് ഈ കൊടുമുടിക്ക്. മുന്‍പ് പലതവണ ഖത്തറില്‍ നിന്നുള്ള പര്‍വതാരോഹകര്‍ കിളിമഞ്ചാരോ കീഴടക്കിയിരുന്നു. വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലെ ഒരു നിഷ്ക്രീയ അഗ്നിപര്‍വതമാണ് കിളിമഞ്ചാരോ. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന സ്വാഹിലി വാക്കിന്റെ അര്‍ത്ഥം.
5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. മൂന്ന് വ്യത്യസ്ത അഗ്നിപര്‍വ്വത കോണുകള്‍ ചേര്‍ന്നാണ് കിളിമഞ്ചാരോ രൂപപ്പെട്ടിരിക്കുന്നത്. കിബോ 5895 മീറ്റര്‍; മാവെന്‍സി 5149 മീറ്റര്‍; ഷിറ 3962 മീറ്റര്‍ എന്നിവയാണവ.