
ദോഹ: കോവിഡ് കാരണമായുള്ള ദ്രുതപരിഹാരങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തിനിന്നും വ്യതിചലിക്കുന്നതാകരുതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. പഠനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ആഗോള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ശൈഖ ഹിന്ദ് ഇക്കാര്യം സൂചിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തില്‍ മാത്രമായി പരിമിതപ്പെടുത്തരുത്. സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. പക്ഷേ ഇതൊരു ഉപകരണം മാത്രമാണ്. നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ടോ ഇല്ലയോ, അല്ലെങ്കില്‍ ലോകത്ത് അഭിവൃദ്ധി പ്രാപിക്കാന്‍ അവരെ എങ്ങനെ സഹായിക്കുമെന്നോ ഇത് നോക്കുന്നില്ല. നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതിലേക്ക് മടങ്ങണം- ശൈഖ ഹിന്ദ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ എല്ലാത്തിനും പരിഹാരമല്ല. നിലവില്‍ നാം ഒരു മഹാമാരിയിലാണ്. നമ്മുടെ പക്കലുള്ളത് ചെയ്യേണ്ടതുണ്ട്, അതിനാലാണ് വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കുട്ടികള്‍ക്ക് തീര്‍ച്ചയായും ആത്യന്തികമല്ല. നിരവധി വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പഠന പരിതസ്ഥിതിക്ക് പകരമുള്ള സാങ്കേതികവിദ്യ സൃഷ്ടിക്കാന്‍ നമ്മുക്ക് കഴിയില്ല- ശൈഖ ഹിന്ദ് ചൂണ്ടിക്കാട്ടി.