ദോഹ: മൂവസലാത്തില്(കര്‍വ) ഇലക്ട്രിക് ബസ് ചാര്‍ജിങ് സ്റ്റേഷന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗതാഗത ആശയവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി ഉദ്ഘാടനം നിര്‍വഹിച്ചു. 2022 ഫിഫ ലോകകപ്പില്‍ പൊതുഗതാഗത സേവനങ്ങള്‍ക്കായി ഇലക്ട്രിക് ബസുകളായിരിക്കും ഉപയോഗിക്കുക. ഇതിനായുള്ള ആദ്യ ബാച്ച് ഇലക്ട്രിക് ബസുകള്‍ ദോഹയിലെത്തിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചുകൂടിയാണ് ചാര്‍ജിങ് സ്റ്റേഷന്റെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയത്.
പരിസ്ഥിതി സൗഹൃദ കാര്‍ബണ്‍ ന്യൂട്രല്‍ ചാമ്പ്യന്‍ഷിപ്പായാണ് ഖത്തര്‍ ലോകകപ്പിനെ വിഭാവനം ചെയ്യുന്നത്. ഈ ലക്ഷ്യത്തില്‍ ഇ-ബസുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. അതിലേക്കുള്ള ചുവടുവെപ്പാണ് പുതിയ ചാര്‍ജിങ് സ്റ്റേഷന്. ഖത്തറിലെ റോഡുകള്‍ക്ക് അനുയോജ്യമായ വിധത്തിലും കാലാവസ്ഥാ സാഹചര്യങ്ങളോടു യോജിക്കുന്നതുമായ ഇലക്ട്രിക് ബസുകളാണ് തയാറാക്കിയിരിക്കുന്നത്. 350കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയിലാണ് ബസിന്റെ പ്രവര്‍ത്തനം. ഏറ്റവും പുതിയതും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട ബാറ്ററി സാങ്കേതിക വിദ്യയാണ് ബസില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ശരാശരി 200 കിലോമീറ്ററിലധികം സര്‍വീസ് നടത്താം.

ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അശ്ഗാല്‍ നല്‍കിയിട്ടുണ്ട്. ഡബിള്‍ ഗണ്‍ ചാര്‍ജറുകളും സിംഗിള്‍ ചാര്‍ജറുകളും ഉള്‍പ്പെടെ വിവിധ തരം ചാര്‍ജിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിലൂടെ ഇരുവശത്തുനിന്നും ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടോപ്സൈഡില് നിന്ന് ചാര്‍ജ് ചെയ്യുന്നതിന് പാന്റോഗ്രാഫുകളും ഫീഡര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പ്രത്യേക അറകളുമുണ്ട്. ഇ-വാഹനങ്ങളുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി നടപ്പാക്കുന്നതിലെ സുപ്രധാനഘട്ടമാണിതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
ഖത്തറിന്റെ പൊതുഗതാഗത പദ്ധതി 2030ന്റെ സുപധാന ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി, അശ്ഗാല്‍ പ്രസിഡന്റും മൂവസലാത്ത് ചെയര്‍മാനുമായ ഡോ. സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, കഹ്റാമ പ്രസിഡന്റ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരി, ചൈനീസ് അംബാസഡര്‍ ഷു ജിയാന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മേഖലയിലെ ഏറ്റവും വലിയ ഇലക്ട്രിങ് ചാര്‍ജിങ് സ്റ്റേഷന് ലുസൈല്‍ സിറ്റിയിലേതാണ്. സൗരോര്‍ജ്ജത്തിലാണ് ഈ സ്റ്റേഷന്റെ പ്രവര്‍ത്തനം.
ഈ സ്റ്റേഷനെ മറ്റെല്ലാ സ്റ്റേഷനുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. സൗരോര്‍ജം ലഭിക്കുന്നതിനായി സെല്ഷേഡുകള് ഇവിടെ നിര്‍മിക്കും. 2022 ആകുമ്പോഴേക്കും 25 ശതമാനം പൊതുബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 2022 ഫിഫ ലോകകപ്പില്‍ പ്രധാനസര്വീസുകള്ക്ക് ഇലക്ട്രിക് ബസായിരിക്കും ഉപയോഗിക്കുക. ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ചാമ്പ്യന്‍ഷിപ്പായി ഇതുമാറും.
ഹരിത ഭാവിയിലേക്കുള്ള ഖത്തറിന്റെ അജണ്ടയെ പിന്തുണക്കുന്നതാണ് ഇലക്ട്രിക് ബസുകള്‍. പൊതുബസുകള്‍, സര്‍ക്കാര്‍ സ്കൂള്‍ ബസുകള്‍, ദോഹ മെട്രോ ഫീഡര്‍ ബസുകള്‍ എന്നിവ ക്രമേണ ഇലക്ട്രിക് ബസുകളിലേക്ക് മാറും. അതുകൊണ്ടുതന്നെ 2030 ആകുമ്പോഴേക്കും ബസുകളില്‍നിന്നുള്ള ദോഷകരമായ കാര്‍ബണ്‍ പുറന്തള്ളല്‍ നല്ലതുപോലെ കുറക്കാനാകും. ഭൂമിശാസ്ത്രപരമായ ക്രമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇലക്ട്രിക് ബസുകള്‍ക്കായി സ്ഥിരം ഡിപ്പോകളും സ്ഥാപിക്കുന്നുണ്ട്. പാര്‍ക്കിങ്, വാഹന ചാര്‍ജിങ്, അറ്റകുറ്റപ്പണി സംവിധാനങ്ങള്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമെ ഭരണനിര്‍വഹണ കെട്ടിടങ്ങള്‍, ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ടാകും.