in

ഏഷ്യയിലാദ്യമായി റിഹാബ് സര്‍വ്വകലാശാല; തണല്‍ നേതൃത്വത്തില്‍ കേരളത്തില്‍

തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്‌രീസ് വാര്‍ത്താസമ്മേനത്തില്‍ സംസാരിക്കുന്നു.

അശ്‌റഫ് തൂണേരി/ദോഹ:

ഏഷ്യയിലാദ്യമായി അക്കാദമിക, ക്ലിനിക്കല്‍ സൗകര്യങ്ങളും ഗവേഷണ സംവിധാനവുമായി തണല്‍ റിഹാബ് സര്‍വ്വകലാശാല കേരളത്തില്‍ തുടക്കമിടുന്നു. കുറ്റിയാടിക്കടുത്ത പന്തിരിക്കരയിലാണ് 30 ഏക്കര്‍ ഭൂമിയില്‍ 175 കോടി ഒന്നാംഘട്ട ചെലവ് കണക്കാക്കുന്ന യൂണിവേഴ്‌സിറ്റി നിലവില്‍ വരികയെന്ന് തണല്‍ ചെയര്‍മാന്‍ ഡോ.വി ഇദ്‌രീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായാണ് തുടക്കമിടുക. റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ ട്രേഡുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കല്‍ വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുക.

കോഴ്‌സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് അനുസരിച്ച് സ്ഥാപനം പ്രൈവറ്റ് സര്‍വ്വകലാശാലയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്. നാല് മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും.


ജാതിമത ഭേദമന്യേ സമൂഹത്തിലെ നന്മയാഗ്രഹിക്കുന്നവരുടെ സഹകരണമാണ് പദ്ധതിയില്‍ തണല്‍ പ്രതീക്ഷിക്കുന്നതെന്നും ഡോ.ഇദ്‌രീസ് പറഞ്ഞു. വടകര ആസ്ഥാനമായ ദയാ റീഹാബിലിറ്റേഷന്‍ സെന്ററിന് കീഴില്‍ 2008-ലാണ് തണല്‍ ആരംഭിച്ചത്. പതിനാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ക്കിടയില്‍ തണല്‍ വിവിധ പദ്ധതികളാല്‍ സജീവമാണ്.

തെരുവില്‍ അഭയം പ്രാപിക്കേണ്ടി വന്നവരുടെ ആശാകേന്ദ്രമായും ഡയാലിസിസ് യൂണിറ്റുകളാലും വിവിധ ബോധവത്കരണ പരിപാടികളാലും ഇതിനകം 214 കേന്ദ്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തണല്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ 61 ഡയാലിസിസ് യൂണിറ്റുകള്‍ പാവങ്ങള്‍ക്കാശ്വാസമായി നിലകൊള്ളുന്നുണ്ടെന്നും തണല്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് എം വി സിറാജുദ്ദീന്‍, ജനറല്‍ സെക്രട്ടറി ആഷിഖ് അഹമ്മദ്, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ പി, അബ്ദുള്‍ റഹ്മാന്‍ റൊട്ടാന, ഹംസ കെ കെ, സി.സുബൈര്‍, ഷാനവാസ് ടി ഐ
എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

തണല്‍ റിഹാബ് സര്‍വ്വകലാശാല പദ്ധതി; വിശദീകരണ യോഗം 20-ന്

ദോഹ: നിര്‍ദ്ദിഷ്ട റിഹാബ് സര്‍വ്വകാശാല സംബന്ധമായി വിശദീകരിക്കാന്‍ തണല്‍ ഖത്തര്‍ ചാപ്റ്റര്‍ യോഗം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 20 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് മിഡ്മാക് റൗണ്ട് അബൗട്ടിന് സമീപത്തെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ യോഗം നടക്കും. പാവങ്ങള്‍ക്കാശ്വാസമാവുന്ന പദ്ധതിയുടെ ഭാഗമാവാന്‍ തത്പരരായ എല്ലാവരും സംബന്ധിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ചു

ഫിഫ ലോകകപ്പ്: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല