
ദോഹ: ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി പൗരന്മാരെ മടക്കിയെത്തിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്സ് നല്കിയ പിന്തുണയെയും സഹായത്തെയും യുഎസ് പ്രശംസിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദനസന്ദേശം അടങ്ങിയ കത്തിന്റെ പകര്‍പ്പ് ഖത്തര്‍ എയര്‍വേയ്സ് ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. പൗരന്മാരെ മടക്കിയെത്തിച്ചതില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ തുടര്‍ച്ചയായ സഹായത്തിന് യുഎസ് സര്‍ക്കാരിന്റെ പേരിലും അമേരിക്കന്‍ ജനതയുടെ പേരിലും നന്ദി അറിയിക്കുന്നതായി കത്തില്‍ പോംപിയോ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേയ്സിന്റെ ശ്രമങ്ങളെ നിരവധി യുഎസ് പൗരന്മാരും പ്രശംസിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പടെ ലോകമെമ്പാടുമായി പതിനായിരക്കണക്കിന് പേരെ സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് സഹായിച്ചതായും എല്ലാ ഖത്തരികളെയും സംബന്ധിച്ചിടത്തോളം ദേശീയ അഭിമാനത്തിന്റെ നിമിഷമാണിതെന്നും പോംപിയോ കത്തില്‍ സൂചിപ്പിച്ചു. ഖത്തറിനെയും ഖത്തര്‍ എയര്‍വേയ്സിനെയും അഭിനന്ദിച്ച യുഎസ് സര്‍ക്കാരിനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്കും മറുപടി ട്വീറ്റില്‍ ഖത്തര്‍ എയര്‍വേയ്സ് നന്ദി അറിയിച്ചു.