
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) പ്രതിരോധിക്കുന്നതില്‍ ഖത്തറിന്റെ മെഡിക്കല്‍ സഹായത്തിന് അമീറിന് നന്ദി അറിയിച്ച് സെര്‍ബിയ. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ അമീറിന്റെ പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് സെര്‍ബിയന്‍ അംബാസഡര്‍ ജാസ്മിന്കോ പോസ്ദെരാക് പറഞ്ഞു. ഖത്തറും സെര്‍ബിയയും തമ്മില്‍ ഇതിനകം മികച്ചതും സൗഹാര്‍ദ്ദപരവുമായ ബന്ധം ആസ്വദിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലെ ഖത്തറിന്റെ ഈ പിന്തുണ അത്തരം ബന്ധങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അംബാസഡര്‍ ഊന്നിപ്പറഞ്ഞു.സെര്‍ബിയന്‍ ജനത ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിര്‍ണായക സമയങ്ങളില്‍ നല്ല സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും പരസ്പരം സഹായിക്കുന്നു.
സെര്‍ബിയയും ഖത്തറും നല്ല രാഷ്ട്രീയ ബന്ധമാണ് പുലര്‍ത്തുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മ മുന്‍നിര്‍ത്തി വ്യവസായം, നിക്ഷേപം, സംസ്കാരം, കായികം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണത്തിന് ഇതിലും വലിയ സാധ്യതകളുണ്ട്. സെര്‍ബിയയില്‍ കോവിഡിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ സഹായം വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. സെര്‍ബിയ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാന്‍ നടപ്പാക്കിയിരുന്ന അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പത്തുദിവസങ്ങള്‍ക്കു മുന്‍പ് റദ്ദാക്കി. കഴിയുന്നത്രയും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അംബാസഡര്‍ പറഞ്ഞു. ഖത്തറും സെര്‍ബിയയും നല്ല സുഹൃത്തുക്കളാണ്. മികച്ച ഭാവിക്കായി രണ്ടു രാജ്യങ്ങളും സഹകരണം തുടരുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.