ടിക്കറ്റ് വില്‍പ്പന ഇന്നു മുതല്‍
ദോഹ: അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ ഫിഫ അറബ് കപ്പില്‍ ആദ്യ പോരാട്ടം ആതിഥേയരായ ഖത്തറും അയല്‍രാജ്യമായ ബഹ്‌റൈനും തമ്മില്‍. അല്‍ഖോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെയുള്ള മത്സരത്തിന്റെ ഷെഡ്യൂളും ഫിഫ പുറത്തുവിട്ടു. ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വമ്പന്‍ കായിക മത്സരമെന്ന നിലയില്‍ അറബ് കപ്പ് ഏറെ ശ്രദ്ധേയമാവും. 16 ടീമുകളാണ് മാറ്റുരക്കുക. 19 ദിവസങ്ങളിലായി 32 മല്‍സരങ്ങള്‍ അരങ്ങേറും.
ലോക കപ്പിനായി ഖത്തര്‍ തയ്യാറാക്കിയ ആറ് സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം തന്നെ ഒന്നിലേറെ മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുങ്ങുന്ന രൂപത്തില്‍ ഫിഫ അറബ് കപ്പിന്റെ ക്രമീകരണം. അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറുമ്പോള്‍ അല്‍ തുമാമ സ്‌റ്റേഡിയം ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളും. റാസ് അബൂഅബൂദ്, അഹ്മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി, വഖ്‌റയിലെ അല്‍ജനൂബ് എന്നിവയാണ് മറ്റ് മല്‍സര വേദികള്‍. കോവിഡ് സുരക്ഷാ മാനദണ്ഢങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. ഖത്തര്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന എല്ലാ ചട്ടങ്ങളും സ്‌റ്റേഡിയത്തിലും പരിസരങ്ങളിലും പാലിക്കും.
പൂര്‍ണ്ണമായും കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അതിനിടെ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്നു മുതല്‍ തുടക്കമാവും. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ്: FIFA.com
വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം.
ആഗസ്ത് 3 മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയില്‍. ഈ തിയ്യതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. സപ്തംബര്‍ മധ്യത്തോടെ വിവരം ലഭിക്കും. സ്പ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടമെന്നും ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് രണ്ടാം ഘട്ടത്തിലെ ടിക്കറ്റ് വില്‍പ്പനയെന്നും സംഘാടകര്‍ അറിയിച്ചു. അവസാന സന്ദര്‍ഭങ്ങളിലുള്ള ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് തുടക്കമാവും. ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ ഈ ടിക്കറ്റ് വില്‍പ്പനയുണ്ടാവുമെന്നും ഫിഫ അറിയിച്ചു.
25 റിയാല്‍ മുതല്‍ 245 റിയാല്‍ വരെ വിവിധ കാറ്റഗറികളിലായാണ് ടിക്കറ്റ് നിരക്ക്. ഓരോ കളികള്‍ക്കുമുള്ളതോ തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ടിക്കറ്റ് സീരീസ് ആയോ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: FIFA.com/tickest
കളിയാരാധകര്‍ക്ക് ഖത്തറിലേക്കും സ്‌റ്റേഡിയത്തിലേക്കും പ്രവേശിക്കുന്നതിന് അംഗീകരിക്കപ്പെട്ട ഫാന്‍ ഐഡി അപേക്ഷാ നമ്പര്‍ വേണം. ഫാന്‍ ഐഡി സ്മാര്‍ട്ട് കാര്‍ഡുകള്‍ ഫാന്‍ ഐഡി സര്‍വീസ് സെന്ററില്‍ നിന്ന് ശേഖരിക്കാവുന്നതാണ്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഫാന്‍ ഐഡിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഖത്തറാണെന്നും ഫിഫയ്ക്ക് ഇതുമായി ബന്ധമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
[dflip id=”25832″ ][/dflip]