Thursday, October 22ESTD 1934

വിനോദത്തിലേക്ക് പുതിയൊരു ചുവട്; കത്താറയില്‍ ടേസ്റ്റി സ്ട്രീറ്റിനു തുടക്കമായി

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങിയ ടേസ്റ്റി സ്ട്രീറ്റില്‍ നിന്നുള്ള ദൃശ്യം

ദോഹ: വിനോദത്തിലേക്ക് ഒരു പുതിയ ചുവട് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ടേസ്റ്റി സ്ട്രീറ്റിനു തുടക്കമായി. ഖത്തരി യൂത്ത് പദ്ധതികളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് നൂതനമായ ഇത്തരമൊരു പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ടേസ്റ്റി സ്ട്രീറ്റില്‍ 37 റെസ്റ്റോറന്റുകളും കഫേകളുമാണ് പങ്കെടുക്കുന്നത്. കത്താറയില്‍ അല്‍ജസീറ മീഡിയ കഫേയുടെ എതിര്‍വശത്തുള്ള കോര്‍ട്ടിയാഡില്‍(മുറ്റം) 6300 മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ടേസ്റ്റി സ്ട്രീറ്റ് സജ്ജമാക്കിയത്.
ഇവിടെ നൂറു കണക്കിന് കാറുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. സന്ദര്‍ശകര്‍ക്ക് അനുയോജ്യമായ വിധത്തില്‍ കാറുകള്‍ ചിട്ടയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും കണക്കിലെടുത്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഓര്‍ഡറുകള്‍ കാറുകളിലേക്ക് കൈമാറും. കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി ടേസ്റ്റി സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. ഇവിടത്തെ റെസ്‌റ്റോറന്റുകളിലും കഫേകളിലും അദ്ദേഹം സന്ദര്‍ശനം നടത്തുകയും ചെയ്തു.
എല്ലാ ദിവസവും ഉച്ചക്കുശേഷം മൂന്നു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയായിരിക്കും ടേസ്റ്റി സ്ട്രീറ്റിന്റെ പ്രവര്‍ത്തനം. മാര്‍ച്ച് 31വരെ ഈ സംവിധാനം തുടരും. ഖത്തരി യുവജന പദ്ധതികളെ പിന്തുണക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. അല്‍സുലൈത്തി പറഞ്ഞു. കോവിഡിനെ തടയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ക്കനുസൃതമായി അനുയോജ്യമായ വിനോദാന്തരീക്ഷത്തിലാണ് ടേസ്റ്റി സ്ട്രീറ്റ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം വിനോദ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിലെ കത്താറയുടെ താല്‍പര്യം കൂടിയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. രുചിയുടെ ഈ സ്ട്രീറ്റില്‍ പങ്കെടുക്കുന്ന കഫേകളും റസ്‌റ്റോറന്റുകളും സന്ദര്‍ശകര്‍ക്ക് അതിശയകരമായ രുചിവൈവിധ്യമാണ് വാഗ്ദാനം ചെയ്യുന്നത്. ടേസ്റ്റി സ്ട്രീറ്റ് എല്ലാവര്‍ക്കുമുള്ള വിനോദകേന്ദ്രമായിരിക്കും.
സന്ദര്‍ശകര്‍ക്ക് വളരെ സന്തോഷകരമായ അനുഭവമായിരിക്കും പ്രദാനം ചെയ്യുകയെന്നും ഡോ.അല്‍സുലൈത്തി പറഞ്ഞു. പങ്കെടുക്കുന്നവരുടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് കൂടുതല്‍ വിശാലമായ സ്വീകാര്യത ലഭിക്കുന്നതിനും സഹായകമാകും. റസ്റ്റോറന്റുകളുടെയും കഫേകളുടെയും ഭക്ഷ്യപദ്ധതികളുടെ തുടര്‍ച്ചക്കും പുരോഗതിക്കും വികസനത്തിനും വലിയ സംഭാവന നല്‍കുന്നതായിരിക്കും ടേസ്റ്റി സ്ട്രീറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരി ഉത്പന്നങ്ങളെയും യുവ ഖത്തരി സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് കത്താറ വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. ഇതിനായി വര്‍ഷം മുഴുവന്‍ വിവിധ പരിപാടികളും മേളകളും സംഘടിപ്പിക്കുകയും ഖത്തരി സംരംഭകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.

error: Content is protected !!