
അശ്‌റഫ് തൂണേരി/ദോഹ:
ഖത്തറിന്റെ വിവിധ ഉള്‍ഭാഗങ്ങളിലും ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ള ഗ്രോസറികള്‍ക്കകത്തേക്ക് ഒരുമിച്ചു തള്ളിക്കയറിയും തിരക്കുണ്ടാക്കിയും സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ദയവ് ചെയ്ത് ഓര്‍ക്കുക….നിങ്ങള്‍ മുടക്കുന്നത് പലരുടേയും അന്നമാണ്, ഒപ്പം ഏറെപ്പേരുടെ ജീവിതമാര്‍ഗ്ഗവും.
കോവിഡ് 19 വ്യാപനം തടയാന്‍ ഖത്തറിന്റെ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ച് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടും ഇവ അനുസരിക്കാന്‍ തയ്യാറാവാത്ത ചിലര്‍ സാമൂഹിക ജീവിതത്തെക്കൂടി താളം തെറ്റിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
”ദോഹയുടെ പല ഉള്‍ഭാഗങ്ങളിലും അകലം പാലിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ തള്ളിക്കയറ്റമുണ്ടായതിനാല്‍ ഗ്രോസറികള്‍ അടക്കേണ്ടി വന്നിട്ടുണ്ട്” കോഴിക്കോട് സ്വദേശി നാസിഫ് ‘ചന്ദ്രിക’ യോട് പറഞ്ഞു.
സാധാരണയായി ഗ്രോസറികളില്‍ ആളുകള്‍ തള്ളിക്കയറാറില്ല. പക്ഷെ ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഒരുമിച്ച് ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ വരികയാണ്. അവര്‍ അകലം പാലിക്കാതെ സാധനങ്ങള്‍ വാങ്ങുന്നതാവാം അന്വേഷണ ഉദ്യോഗസ്ഥര്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ കാണാനിട വരുന്നത്. അതോടെ തങ്ങള്‍ നിയമനടപടിക്ക് വിധേയരാവുകയാണ്- ഗ്രോസറി ഉടമകള്‍ വ്യക്തമാക്കുന്നു.
ഭക്ഷ്യവസ്തുക്കള്‍ എളുപ്പം വാങ്ങാനുള്ള ഇടങ്ങളായ ഗ്രോസറികളാണ് ജനങ്ങളുണ്ടാക്കുന്ന നിയമലംഘനങ്ങളില്‍പെട്ട് പൂട്ടേണ്ടി വരുന്നതെന്നത് സങ്കടകരമാണെന്നും പല ഉപഭോക്താക്കളും ചൂണ്ടിക്കാട്ടുന്നു. പല മേഖലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്രോസറികള്‍ പോലുമുണ്ട്. ചില ഉള്‍ഭാഗങ്ങളില്‍ ഗ്രോസറികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ ധാരാളമാണ്. കോവിഡ് കാലത്ത് വീടുകളില്‍ തന്നെ കഴിയുന്ന സന്ദര്‍ഭത്തില്‍ വാഹനമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തവര്‍ക്ക് അവരുടെ താമസ കേന്ദ്രത്തിനടുത്തുള്ള ഗ്രോസറികള്‍ കൂടി അടക്കുന്നതോടെ വലിയ പ്രയാസമാണ് ഉണ്ടാവുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖത്തറിലെ തങ്ങളുടെ ഉപഭോക്താക്കളോടായി ഗ്രോസറി നടത്തിപ്പുകാര്‍ അപേക്ഷിക്കുന്നു; ദയവു ചെയ്ത് കഞ്ഞികുടി മുട്ടിക്കരുത്. ഞങ്ങളുടെ മാത്രമല്ല, വാങ്ങാനെത്തുന്നവരുടേയും.