ദോഹ: 2022 ഫിഫ ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം നിര്മാണപൂര്ത്തീകരണത്തിലേക്ക് അടുക്കുന്നു. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. സ്റ്റേഡിയത്തിന്റെ പിച്ചിനായുള്ള പുല്‍ത്തകിടി വിരിച്ചു. 80,000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ അടുത്തവര്‍ഷമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫിഫ ലോകകപ്പില്‍ ഡിസംബര്‍ 18ലെ ഫൈനല്‍ ഉള്‍പ്പടെ പത്തു മത്സരങ്ങള്‍ ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും. ദോഹയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന ലുസൈല്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ ഡിസൈന്‍ കരാര്‍ ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്തമായ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്ട്നേഴ്സ് കമ്പനിയാണ് തയാറാക്കിയത്. ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന വിധത്തിലുള്ള സ്റ്റേഡിയം വേറിട്ട ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.

ഖത്തറിന്റെ മുഖച്ഛായ മാറ്റുന്നവിധത്തില്‍ നവീനമായ ഡിസൈനാണ് സറ്റേഡിയത്തിന്റേത്. ഡിസൈന്‍ പ്രചോദനമായ സുവര്‍ണ യാനപാത്രം അറബ് വാസ്തുശില്പ മാതൃകയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെയുള്ള ഖത്തറിന്റെ പൈതൃക പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് രൂപരേഖയിലടങ്ങിയിട്ടുള്ള ഫനാര്‍ എന്ന റാന്തലും സങ്കീര്‍ണ്ണമായ കൊത്തുപണികളോടെയുള്ള പാത്രവും. ഖത്തറിന്റെ പൈതൃകവും സ്ംസ്കാരികത്തനിമയും കൂടി പ്രതിഫലിക്കുന്നതാണ് ഡിസൈന്‍. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം ലുസൈലിലേതാണ്. ആധുനിക ഖത്തറിന്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി അല്‍താനിയുടെ താമസകേന്ദ്രമായിരുന്നു ഇവിടം. ഹരിതസാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഏതു സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സ്റ്റേഡിയത്തിനുള്ളിലെ താപനിലയുടെ ക്രമീകരണം.

കോവിഡ് പ്രതിസന്ധിയിലും സ്റ്റേഡിത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ നടന്നിരുന്നു. എച്ച്ബികെ കോണ്‍ട്രാക്റ്റിങ് കമ്പനിയും ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും സംയുക്തമായാണ് നിര്‍മാണം. സ്റ്റേഡിയത്തിന്റെ ഉപഘടനയുടെ നിര്‍മാണം, കോണ്‍ക്രീറ്റ് സൂപ്പര്സ്ട്രക്ചറും അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളും പടിഞ്ഞാറന്‍ സ്റ്റാന്റിന്റെ ആഭ്യന്തര പ്രവര്‍ത്തികളുമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.