
ദോഹ: ക്വാറന്റൈന്‍ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത് 574 പരാതികള്‍. മാര്‍ച്ച് 20 മുതല്‍ ഈ ബുധനാഴ്ച വരെയാണ് ഇത്രയധികം പരാതികള്‍ ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ്(കോവിഡ്-19) പടരാതിരിക്കാന്‍ ഹോട്ടലുകളിലും വീടുകളിലും ക്വാറന്റൈനിലിരിക്കുന്നവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാലോ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കേസുകളോ 44579999 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടിരുന്നു. ക്വാറന്റൈനില്‍ തുടരാനുള്ള നിങ്ങളുടെ പ്രതിബദ്ധത അര്‍ത്ഥമാക്കുന്നത് നിങ്ങളോടും മറ്റുള്ളവരോടുമുള്ള ദേശീയവും ധാര്‍മ്മികവുമായ ബാധ്യത നിങ്ങള്‍ നിറവേറ്റുന്നു എന്നാണ്. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്- ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. എല്ലാവരുടെയും ചോദ്യങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കായി മെട്രാഷ്-2 സൗകര്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഒട്ടുമിക്ക സേവനങ്ങളും മെട്രാഷിലും വെബ്‌സൈറ്റിലും ലഭ്യമാണ്.