ദോഹ: അല്‍അഖ്‌സയിലെ ഇസ്രാഈല്‍ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് ഇസ്രാഈലിന്റെ പ്രവൃത്തിയെന്നും മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടെയും കടുത്ത ലംഘനമാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനത്ക്കും അല്‍അഖ്‌സ പള്ളിക്കും എതിരായ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിവേഗം നീങ്ങേണ്ടതിന്റെ പ്രാധാന്യവും ഖത്തര്‍ എടുത്തുപറഞ്ഞു.
1967ലെ അതിര്‍ത്തികള്‍ക്കനുസൃതമായി ഖുദ്‌സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന ന്യായയുക്തമായ ആവശ്യത്തിനൊപ്പമാണ് ഖത്തര്‍. അല്‍അഖ്‌സക്കുനേരെയുള്ള ഇസ്രാഈല്‍ അതിക്രമത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അനുഗ്രഹീതമായ അല്‍അ്ഖ്‌സ പള്ളിയുടെ മുറ്റത്ത് നടത്തിയ ആക്രമണത്തെയും ഈ പുണ്യനാളുകളില്‍ വിശ്വാസികള്‍ക്കെതിരെ നടത്തിയ ക്രൂരമായ അതിക്രമങ്ങളെയും ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ പറഞ്ഞു.
ഫലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പമെന്ന് ഖത്തര്‍ അമീര്‍
ദോഹ: അല്‍അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചു കയറി വിശ്വാസികളെ ആക്രമിച്ച ഇസ്രാഈല്‍ അധിനിവേശ സേനയുടെ നടപടികള്‍ക്കെതിരെ ഖത്തര്‍ അമീര്‍.
ഇസ്രാഈലിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അമീര്‍
ഫലസ്തീന്‍ ലക്ഷ്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഡോ.ഇസ്മാഈല്‍ ഹനിയ്യ എന്നിവരുമായി ടെലിഫോണില്‍ അമീര്‍ ചര്‍ച്ച നടത്തി.
അല്‍ഖുദ്‌സിലെ ഇസ്രാഈല്‍ കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറിന്റെ അധ്യക്ഷതയില്‍ അറബ് ലീഗ് കൗണ്‍സിലിന്റെ അസാധാരണ സെഷന്‍ കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്നു. അല്‍ഖുദ്‌സിലെ മുസ്‌ലീം, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കെതിരായ ഇസ്രാഈല്‍ കുറ്റകൃത്യവും ആക്രമണവും അല്‍അഖ്‌സ പള്ളിയില്‍ വിശ്വാസികളെ ആക്രമിച്ചതും ചര്‍ച്ച ചെയ്യാന്‍ അടിയന്തര സെഷന്‍ വിളിച്ചുചേര്‍ക്കണമെന്ന ഫലസ്തീന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലായിരുന്നു സെഷന്‍.
അല്‍ഖുദ്‌സിലെ പൗരന്‍മാരുടെ വീടുകള്‍, പ്രത്യേകിച്ചും ശൈഖ് ജാറാ അയല്‍പക്കപ്രദേശങ്ങളിലെ വീടുകള്‍ പിടിച്ചെടുക്കുന്നതിനുള്ള ഇസ്രാഈല്‍ പദ്ധതികളും സെഷനില്‍ ചര്‍ച്ചയായി. അനുഗ്രഹീത അല്‍അക്‌സ പള്ളിയിലെ വിശ്വാസികള്‍ക്കും ജറുസലേം പൗരന്‍മാര്‍ക്കും നേരെയുള്ള ഇസ്രാഈല്‍ അധിനിവേശ സേനയുടെ ആക്രമണങ്ങളെക്കുറിച്ചും ഫലസ്തീന്‍ വിശദീകരിച്ചു. ജറുസലേമിലെ ശൈഖ് ജാറാ അയല്‍പക്ക മേഖലകളിലെ അനിയന്ത്രിത നടപടികളും പരാമര്‍ശിച്ചു.
അവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സെഷന്‍ വ്യക്തമാക്കി.
ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ശക്തമായി അപലപിച്ചു ട്വീറ്റ് ചെയ്തു.
https://www.instagram.com/p/COu5zNyr8UG/?igshid=svop0puqfbsn