
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 500 ഓളം പള്ളികള്‍ തുറന്നു. കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ച്ച് മുതല്‍ അടച്ചിട്ടിരുന്ന പള്ളികള്‍ കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇന്നലെ സുബഹി നമസ്കാരത്തോടെയാണ് തുറന്നത്.
‘വീടുകളില്‍ പ്രാര്‍ത്ഥന നടത്തുക’എന്ന അധിക വാക്കുകള്‍ ചേര്‍ക്കാതെ പള്ളികളില്‍ നിന്നും ബാങ്കുവിളികള്‍ ഉയര്‍ന്നു. പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും പള്ളികളിലെ മാനേജ്മെന്റ് ടീമുകളുമായി സഹകരിക്കണമെന്നും ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം വിശ്വാസികളോടു ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അവരുടെയും മറ്റുള്ളവരുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി വീടുകളില്‍തന്നെ പ്രാര്‍ഥന തുടരണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ആഗസ്റ്റില്‍ മാത്രമായിരിക്കും.
വിശ്വാസികള്‍ പള്ളികളില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം പ്രാര്‍ഥനകളില്‍ പങ്കെടുക്കേണ്ടത്. എങ്ങിനെയാണ് പ്രാര്‍ത്ഥന നിര്‍വഹിക്കേണ്ടത്, പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച് ഔഖാഫ് പ്രത്യേക ബോധവല്‍ക്കരണ വീഡിയോകളും തയ്യാറാക്കിയിട്ടുണ്ട്. ആഗസ്റ്റില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ 54 പള്ളികളില്‍ വെള്ളിയാഴ്ച നമസ്കാരത്തിന് അനുമതി നല്‍കും. നാലാം ഘട്ടം തുടങ്ങുന്ന സെപ്റ്റംബര്‍ മുതല്‍് മുഴുവന്‍ പള്ളികളും തുറക്കും. എല്ലാ പള്ളികളിലും വെള്ളിയാഴ്ച നമസ്കാരവും ആ ഘട്ടത്തിലുണ്ടാകും.
പള്ളികളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്മാര്‍ട് ഫോണില്‍ ഇഹ്തെറാസ് ആപ്ലിക്കേഷന്‍ പ്രദര്‍ശിപ്പിക്കണം. ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. പള്ളികളില്‍ ശുചിമുറികളും അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും തുറക്കില്ല. അതുകൊണ്ടുതന്നെ വിശ്വാസികള്‍ വീടുകളില്‍നിന്നുതന്നെ ് അംഗശുദ്ധി വരുത്തിയശേഷമായിരിക്കണം പള്ളികളിലെത്തേണ്ടത്. ബാങ്കുവിളിയോടു കൂടി മാത്രമേ പള്ളികള്‍ തുറക്കൂ എന്നതിനാല്‍ നേരത്തെ പള്ളികളിലേക്ക് വരേണ്ടതില്ല. പള്ളികളുടെ അകത്ത് വിശ്വാസികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കയ്യുറകള്‍ ധരിച്ചിട്ടുണ്ടെങ്കിലും പരസ്പരമുള്ള ഹസ്തദാനം പാടില്ല.
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം അടച്ചു പിടിക്കണം. നമസ്കാരത്തിനുള്ള പായ(മുസല്ല) വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവരണം.
മുസല്ല മറ്റുള്ളവരുമായി പങ്കിടുകയോ പള്ളിയില്‍ ഉപേക്ഷിച്ച് പോകുകയോ ചെയ്യരുത്. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളുടെ കൈവശമുണ്ടായിരിക്കണം. മറ്റുള്ളവരുമായി പങ്കിടുകയോ മൊബൈല്‍ ഫോണില്‍ നോക്കി വായിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.