
ദോഹ: മിസൈമിര്‍ ഇന്റര്‍ചേഞ്ചിലെ പൂതിയ ലൂപ്പ് പാലം ഞായറാഴ്ച(ഏപ്രില്‍ 26) തുറക്കും. റൗദത്ത് അല്‍ഖയ്ല്‍ സ്ട്രീറ്റിനും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനും ഇടയിലുള്ള പുതിയ ലൂപ്പ് പാലമാണ് ഗതാഗതത്തിനായി തുറക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ദോഹ എക്സ്പ്രസ് ഹൈവേയിലേക്കുള്ള ഗതാഗതം നേരിട്ട് ബന്ധിപ്പിക്കാനാകും.
പാലം തുറക്കുന്നതോടെ റൗദത്ത് അല്‍ഖയ്ല്‍ സ്ട്രീറ്റില്‍ നിന്ന് സതേണ്‍ ദോഹ എക്സ്പ്രസ് വേ, ഇ റിങ് റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ഡി റിങ് റോഡില്‍ നിന്നും വരുന്നവര്‍ക്കും റൗദത്ത് അല്‍ ഖയ്ല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ തുമാമയിലേക്ക് വരുന്നവര്‍ക്കും ഗതാഗതം എളുപ്പമാകും. കൂടാതെ ഇ- റിങ് റോഡിലൂടെ പഴയ വിമാനത്താവളത്തിലേക്ക് വരുന്നവര്‍, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍, അല്‍ വഖ്റ, സബാഹ് അല്‍ അഹമ്മദ് കോറിഡോറിലൂടെ അല്‍ വുഖൈറിലേക്ക് പോകുന്നവര്‍ എന്നിവര്‍ക്കും സൗകര്യപ്രദമാകും. റൗദത്ത് അല്‍ ഖയ്ല്‍ സ്ട്രീറ്റിനേയും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനോയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ എക്സിറ്റുകളില്‍ ഒന്നാണ് പുതിയ പാലം.
സെന്‍ട്രല്‍ ദോഹയ്ക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതവും സമീപപ്രദേശങ്ങളായ ഐന്‍ഖാലിദ്, ഉം അല്‍ സനീം, മിസൈമീര്‍ എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതവും വേഗത്തിലാകും. മിസൈമീര്‍ ഇന്റര്‍ചേഞ്ചിലെ പുതിയ അടിപ്പാതയും പാലവും അടുത്തിടെ ഗതാഗതത്തിന് തുറന്നിരുന്നു. പുതിയ മീസൈമീര്‍ ത്രീ ലെവല്‍ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഇന്റര്‍ചേഞ്ചാണിത്. ഒന്‍പത് അടിപ്പാതകളാണ് പദ്ധതിയിലുള്ളത്. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് പദ്ധതി. 6.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ചേഞ്ചില്‍ ഓരോ ദിശയിലും മൂന്നു മുതല്‍ നാലുവരെ ലൈനുകളാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ ഏകദേശം 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. മൂന്നു കാല്‍നടപ്പാലങ്ങള്‍ സഹിതം 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്. ആറു പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് മീസൈമീര്‍ ഇന്റര്‍ചേഞ്ച്. ഹെക്സഗണല്‍ ഇന്റര്‍ചേഞ്ച് എന്നും ഇതറിയപ്പെടുന്നു. ഇ-റിംഗ് റോഡ്, ദോഹ എക്സ്പ്രസ് ഹൈവേ, ദോഹ എക്സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗം, സബാഹ് അല്‍ അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തിന്റെ തെക്ക്, മധ്യ, വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ട്രാഫിക് ലിങ്കായും ഇന്റര്‍ചേഞ്ച് വര്‍ത്തിക്കുന്നു.
ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമയിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. ഇന്റര്‍ചേഞ്ചിലെ മൂന്നു കാല്‍നടപ്പാലങ്ങളിലൂടെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യപ്രദമായി എത്താനാകും.
മെഡിക്കല്‍ കമ്മീഷന്, കാലാവസ്ഥാവകുപ്പ്, സ്കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാന്‍ പദ്ധതി സഹായകമാണ്.