in

വിമാനത്തിലെ ശുചിമുറിയില്‍ ബോധംകെട്ടു വീണയാളുടെ ജീവന്‍ രക്ഷിച്ച് യാത്രക്കാരനായ ഡോക്ടര്‍

ഡോ.നദീം ജിലാനിക്ക് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഐ.സി.ബി.എഫിന്റെ ഉപഹാരം കൈമാറുന്നു
  • ഡോ.നദീം ജിലാനിക്ക് ഖത്തര്‍ സ്ഥാപനപതി ഐ.സി.ബി.എഫിന്റെ ഉപഹാരം നല്‍കി

അശ്‌റഫ് തൂണേരി/ദോഹ: 

ന്യൂഡല്‍ഹിയില്‍ (Newdelhi) നിന്ന് ദോഹ (Doha)യിലേക്കുള്ള യാത്രക്കിടെ വിമാനത്തിലെ ശുചിമുറിയില്‍  ബോധരഹിതനായ യുവാവിനെ അവസരോചിതമായി ഇടപെട്ട് ജീവന്‍ രക്ഷിച്ച് യാത്രക്കാരനായ ഡോക്ടര്‍.  ഹൈദരബാദ് സ്വദേശിയായ സന്തോഷിനേയാണ് സമയോചിത ഇടപെടലിലൂടെ ഖത്തറിലെ ശിശുരോഗ വിദഗ്ദന്‍ ഡോ.നദീം ജിലാനി രക്ഷപ്പെടുത്തിയത്.

ഡോ.നദീം ജിലാനി


ചൊവ്വാഴ്ച വിസ്താര യു.കെ 283 (Vistara) വിമാനത്തിലാണ് ദോഹയില്‍ ജോലി ചെയ്യുന്ന യുവാവ് ബോധം കെട്ടു വീണത്. ഉടന്‍ തന്നെ സഹയാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചു. കാബിന്‍ ക്രൂ ജീവനക്കാര്‍ വിമാനത്തില്‍ ഡോക്ടറായി ആരെങ്കിലുമുണ്ടോയെന്ന് വിളിച്ചന്വേഷിച്ചു. ഉടന്‍ ഡോ.നദീം ഓടിയെത്തി. വായില്‍ നിന്ന് നുരയും പതയും വന്ന സന്തോഷിന് പ്രാഥമിക ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുകയും ചെയ്തു. ബിഹാറിലെ ദര്‍ഭംഗ സ്വദേശിയായ ഡോക്ടര്‍ അലിഗഢിലെ ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ദോഹയിലേക്ക് മടങ്ങുകയായിരുന്നു. ”വിവരം അറിഞ്ഞയുടന്‍ ഞാന്‍ എഴുന്നേറ്റു. ഉടനെ ഒരു എയര്‍ഹോസ്റ്റസ് എന്നെ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് കൊണ്ടുപോയി. ബോധരഹിതനായി കിടന്നയാളുടെ ശരീരത്തിന്റെ പകുതി ടോയ്‌ലറ്റിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. വായില്‍ നിന്ന് നുര വരുന്ന അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ സാധിക്കുന്നില്ലായിരുന്നു. കൂടാതെ വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുമില്ല. ഉടന്‍ തന്നെ ഞാന്‍ സി.പി.ആര്‍. നല്‍കുകയും ഏകദേശം 30 സെക്കന്‍ഡുകള്‍ക്ക് ശേഷം അദ്ദേഹം ഒരു ഞരക്കത്തോടെ കണ്ണുകള്‍ തുറക്കുകയും ചെയ്തു.”-  ഡോ. ജിലാനി പറഞ്ഞു. രക്തയോട്ടം സാധാരണ നിലയിലാവാന്‍ കാലുയര്‍ത്താന്‍ കാബിന്‍ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നു. പതിയെ ശരിയായി വന്ന അദ്ദേഹത്തിന് മധുരപാനീയം നല്‍കി. താനെപ്പോഴും സ്‌തെസ്‌കോപ്പും ബ്ലഡ് പ്രഷര്‍ റെക്കോര്‍ഡറും കൂടെ കരുതാറുണ്ടെന്നും അദ്ദേഹം  വിശദീകരിച്ചു. വിമാനം ഇറങ്ങുമ്പോഴേക്കും യുവാവ് സാധാരണ നിലയിലെത്തിയിരുന്നു.
നന്ദിസൂചകമായി വിമാന ജീവനക്കാര്‍ ഡോ.നദീം ജിലാനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കിയതിന് പുറമെ പുറത്തിറങ്ങുമ്പോള്‍ ഇരുവശത്തും നിന്ന് സല്യൂട്ടും നല്‍കി ആദരിച്ചു. ഡോ. നദീമിന്റെ സേവനം എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന സന്ദര്‍ഭോചിതമായ ഇടപെടലാണെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു. ഐ.സി.ബി.എഫ് ഒരുക്കിയ അഭിനന്ദന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ അദ്ദേഹത്തിന് ഉപഹാരം കൈമാറി. ഖത്തറിലെ സിദ്‌റ ആശുപത്രിയില്‍ ചൈല്‍ഡ് അഡൈ്വസറി പ്രോഗ്രാം മെഡിക്കല്‍ അഡൈ്വസറായി ജോലി നോക്കുകയാണ് ഇന്ത്യയിലും ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും പരിചയസമ്പത്തുള്ള ഡോ.നദീം ജിലാനി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ അല്‍വഖ്‌റക്ക് യുനെസ്‌കോ ലേണിംഗ് സിറ്റി പുരസ്‌കാരം

ഖത്തറില്‍ വരുമാന നികുതിയില്ല; വാറ്റ് നടപ്പാക്കാന്‍ ആസൂത്രണം