ദോഹ: ഖത്തറിന്റെ സാംസ്‌കാരിക ലോകം വ്യക്തിഗതമായ അനുഭവങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ പുസ്തകം ഉടന്‍ പുറത്തിറങ്ങുന്നു. ‘ദ പവര്‍ ഓഫ് കള്‍ച്ചര്‍’ എന്ന രചന എ.സി.സി ആര്‍ട്ട് ബുക്‌സ് നവംബര്‍ 23-ന് പ്രസിദ്ധീകരിക്കും.

ആഗോള തലത്തില്‍ തന്നെ കലയെയും ദൃശ്യ സംസ്‌കാരത്തെയും കുറിച്ചുള്ള പുസ്തകങ്ങളുടെ മികച്ച പ്രസാധകരും വിതരണക്കാരുമാണ് എ.സി.സി ആര്‍ട് ബുക്‌സ്. 240 പേജുള്ള പുസ്തകം ഹിന്ദി, മന്ദാരിന്‍, അറബിക്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്. ഖത്തറിനെക്കുറിച്ചും അതിന്റെ രൂപീകരണത്തെക്കുറിച്ചും വിവരിക്കുന്ന പുസ്തകത്തില്‍ മ്യൂസിയങ്ങളെക്കുറിച്ചും കലാരൂപങ്ങളെക്കുറിച്ചും വിലയിരുത്തുന്നുണ്ട്.
ഖത്തറിനെ രൂപപ്പെടുത്തിയതും മുന്നോട്ടുനയിക്കുന്നതുമായ സാംസ്‌കാരിക ചിഹ്‌നങ്ങളും ചരിത്രവും പറയുന്ന രചന താന്‍ നാല്‍പ്പതാം വയസ്സിലേക്ക് കാലെടുത്തുവെക്കുമ്പോഴാണ് പുറത്തിറങ്ങുന്നതെന്ന പ്രത്യേകത കൂടിയുണ്ടെന്ന് ശൈഖ മയാസ തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടിലൂടെ വ്യക്തമാക്കി. ”40 വയസ്സില്‍ പുതിയ ജീവിതം ആരംഭിക്കുകയാണ്. ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ല് പൂര്‍ത്തിയാവുമ്പോള്‍ ഖത്തറില്‍ അഭിവൃദ്ധി പ്രാപിക്കുന്ന സാംസ്‌കാരിക ഭൂപ്രകൃതിയെക്കുറിച്ച് ഗ്രന്ഥം പുറത്തിറങ്ങുകയെന്ന ആഹ്ലാദമുണ്ട്.” അവര്‍ വിശദീകരിച്ചു. സര്‍ഗ്ഗാത്മക വിനിമയ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന മ്യൂസിയങ്ങളില്‍ നിന്നും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്നും നമുക്ക് പകര്‍ന്നുനല്‍കാന്‍ പലതുമുണ്ട്. അവിശ്വസനീയമാംവിധം കഴിവുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, വൈവിധ്യമുള്ള സര്‍ഗ്ഗാത്മക ഉള്ളടക്കം രൂപീകരിക്കുന്ന കണ്ടന്റ് എഴുത്തുകാര്‍, മികവുറ്റ പാചകക്കാര്‍, ആര്‍ക്കിടെക്റ്റുകള്‍, കലാകാരന്മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഏറെ പ്രതീക്ഷകള്‍ പകരുന്നതാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ ഭാവി ശോഭനമാണെന്ന് തീര്‍ച്ചയായും ഞാന്‍ വിശ്വസിക്കുകയും ഈ രംഗത്തെ യാത്ര തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഫിഫ ലോകകപ്പ് 2022 മത്സരങ്ങളും അനുബന്ധ സാംസ്‌കാരിക കലാപരിപാടികളും വിജയിപ്പിക്കാന്‍ നിരന്തര പരിശ്രമത്തിലാണ് ഇവിടെയുള്ള ഭരണാധികാരികളും ജനങ്ങളും.ഈ സന്ദര്‍ഭത്തില്‍ ഉപ്പ, ഉമ്മ, സഹോദരന്‍, ഭര്‍ത്താവ്, കുട്ടികള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍, നേരിട്ടോ അല്ലാതെയോ ഇതില്‍ പങ്കാളികളായവര്‍ എന്നിവര്‍ക്കെല്ലാം
ഈ പുസ്തകം സമര്‍പ്പിക്കുന്നുവെന്നും ശൈഖ മയാസ പറഞ്ഞു. ഖത്തര്‍ മ്യൂസിയംസിനു പുറമെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, റീച്ചൗട്ട് ഏഷ്യ, ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ എന്നിവയുടെ കൂടെ ചെയര്‍പേഴ്‌സണായ ശൈഖ മയാസ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സഹോദരിയാണ്. 25 ഡോളര്‍ വിലയുള്ള പുസ്തകം ഓണ്‍ലൈനില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍:
https://www.accartbooks.com/us/book/the-power-of-culture/