ദോഹ: പഴയകാല പുസ്തകങ്ങളുള്‍പ്പെടെ പൈതൃക സമ്പത്ത് കേട് കൂടാതെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയും അതിന്റെ മാര്‍ഗ്ഗങ്ങളും തേടിയുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ പരിപാടിയില്‍ ലോക രാജ്യങ്ങളില്‍ നിന്ന് 130-ലധികം പേര് പങ്കെടുത്തു. ഇത്തരത്തിലുള്ള പ്രഥമ ഓണ്‍ലൈന്‍ പരിപാടിയാണിതെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൈതൃക സമ്പത്ത് എങ്ങിനെ കേട് വരാതെ സൂക്ഷിക്കാം എന്നതായിരുന്നു ഓണ്‍ലൈന്‍ പഠന സെഷനില്‍ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വിശദീകരിക്കപ്പെട്ടത്. ‘ഇസ്ലാമിക പൈതൃക രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള രീതികള്‍’ എന്ന വിഷയത്തില്‍ ബുക് കണ്‍സര്‍വേഷന്‍ സ്പെഷലിസ്റ്റ് മാക്സിം നസറ മുഖ്യപ്രഭാഷണം നടത്തി. കേട് വരാതെ സംരക്ഷിക്കാനുള്ള ലളിതവും ഏറ്റവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കപ്പെട്ടു.
സംരക്ഷണം എങ്ങിനെയെന്ന പ്രായോഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് സാങ്കേതിക പിന്തുണയോടെ പ്രാക്ടിക്കലായും സെഷനില്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍, സ്ഥാപന മേലധികാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്ലാമിക പൈതൃക രേഖകള്‍ സംരക്ഷിക്കേണ്ടതും രചനകള്‍ കാത്തുവെക്കുന്നതിന്റേയും പ്രധാന്യം വിദ്യാഭ്യാസ കാലത്ത് തന്നെ ചരിത്ര വിദ്യാര്‍ത്ഥികളുള്‍പ്പെടെ നല്‍കേണ്ടതുണ്ടെന്ന് മാക്സിം നസ്റ പറഞ്ഞു. നമ്മുടെ അടുത്ത തലമുറക്ക് പ്രയോജനപ്രദമാവും വിധം അവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ കൂടി ബാധ്യതയാണ്. അത് നശിക്കാതിരിക്കണം. എഴുത്തുരേഖകള്‍, ചിത്രങ്ങള്‍, പല തരം നിര്‍മ്മികള്‍ ഇവയെല്ലാം സാങ്കേതിക പിന്തുണയോടെ കേട് വരാതെ സംരക്ഷിക്കാനാവും. പക്ഷെ അത് ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ യഥാസമയം ആവശ്യമായ പരിചരണം നല്കി സംരക്ഷിക്കുകയാണ് വേണ്ടതെന്നും നസ്റ വിശദീകരിച്ചു.