
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗനിര്‍ണയത്തിനായി അതിവേഗ പരിശോധന നടത്താന്‍ ഖത്തര്‍ താല്‍പര്യപ്പെടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് അല്‍താനി പറഞ്ഞു. കോവിഡ് വ്യാപനം ചെറുക്കുന്നതിനായി റാപിഡ് ടെസ്റ്റിങ് ഡിവൈസുകള്‍ ഉപയോഗിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ അണുബാധ വ്യാപിക്കുന്നത് നിയന്ത്രിക്കുകയെന്നതാണ് ആരോഗ്യമേഖലയുടെ പ്രധാനദൗത്യം. അതുകൊണ്ടുതന്നെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിലും രോഗികള്‍ക്ക് ഒറ്റപ്പെടല്‍ നടപടിക്രമങ്ങള്‍ പ്രയോഗിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിദിനം ഏകദേശം 2000 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവുംകൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി ഹ്രസ്വ പരിശോധനാ സംവിധാനം നടപ്പാക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങളും കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളും ചര്‍ച്ചചെയ്യുന്നതിനായി ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട്(ക്യുഎന്‍ആര്‍എഫ്) സംഘടിപ്പിച്ച സംവേദനാത്മക വെബിനറില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിന് മെഡിക്കല്‍ മേഖലക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നുണ്ട്. കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിനായി നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന എല്ലാ പൗരന്‍മാരെയും ക്വാറന്റൈനിലേക്ക് മാറ്റുന്നുണ്ട്. സ്‌കൂളുകളും അവശ്യസേവനങ്ങള്‍ ഒഴികെയുള്ള ഷോപ്പുകളും മറ്റും താല്‍ക്കാലികമായി അടച്ചതുള്‍പ്പടെ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കാരണമാകുന്ന ഒരു ഗവേഷണ റോഡ് മാപ്പ് വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് സജീവ നടപ്പാക്കല്‍ പദ്ധതി ആവിഷ്‌കരിക്കല്‍, നിരീക്ഷണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തല്‍, മുന്‍കരുതല്‍ നടപടികള്‍ പ്രാബല്യത്തിലാക്കല്‍, സാമ്പിളുകള്‍ പരിശോധിക്കുന്നത് തുടരല്‍, ഒറ്റപ്പെടല്‍ പ്രയോഗിക്കല്‍, എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തല്‍, അവബോധം വര്‍ദ്ധിപ്പിക്കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍ എന്നിവയെല്ലാം ഈ റോഡ് മാപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.