Friday, September 18ESTD 1934

ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: മൈക്ക് പോംപിയോ

മൈക്ക് പോംപിയോ

ദോഹ: ഗള്‍ഫ് വിള്ളലിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വാഷിങ്ടണില്‍ യുഎസ്- ഖത്തര്‍ മൂന്നാമത് തന്ത്രപ്രധാന സംവാദത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ ഖത്തറിന്റെ അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നതായും പോംപിയോ പറഞ്ഞു. ഗസയെ സുസ്ഥിരമാക്കുന്നതിലും സിറിയയിലും ലബനാനിലും സംഘര്‍ഷങ്ങള്‍ കുറക്കുന്നതിലുള്ള മേഖലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ വിലമതിക്കാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്. ഗശള്‍ഫ് വിള്ളലിന് പരിഹാരം കണാനുള്ള സമയം കഴിഞ്ഞു. ഈ തര്‍ക്കം പരിഹരിക്കാനും നിലവില്‍ മറ്റു രാജ്യങ്ങള്‍ തടഞ്ഞ ഖത്തറിന്റെ വായൂ, കര അതിര്‍ത്തികള്‍ വീണ്ടും തുറക്കാനും ട്രംപ് ഭരണകൂടം ഉത്സുകരാണ്. ഈ വിഷയത്തില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായും പോംപിയോ പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം പരിഹരിക്കാനുള്ള കുവൈത്ത് മധ്യസ്ഥതയെ പിന്തുണച്ചതിന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസിന് നന്ദി അറിയിച്ചു. ഖത്തര്‍ വിദേശനയം ദേശീയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സമാധാനം, സ്ഥിരത, സമൃദ്ധി ഘടകങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ്. ഈ മൂല്യങ്ങള്‍ കാരണം, ഉപരോധം നേരിടുന്നതില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കുക മാത്രമല്ല, ഗോള സമൂഹവുമായുള്ള ബന്ധം അഭൂതപൂര്‍വമായ തലങ്ങളിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നതെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.

error: Content is protected !!