അശ്‌റഫ് തൂണേരി/ദോഹ:

വിശുദ്ധ റമദാനിലെ പാപ മോചനത്തിന്റെ അവസാന ദിനങ്ങളില്‍ പ്രാര്‍ത്ഥനകളാലും ഖുര്‍ആന്‍ പാരായണങ്ങളാലും മുഖരിതമാവേണ്ടുന്ന പള്ളിയകങ്ങളില്‍ നിശ്ശബ്ദത മാത്രം. പള്ളിയങ്കണങ്ങളിലാകട്ടെ വിശ്വാസിയുടെ വേദനയേറ്റുവാങ്ങിയ പോലെ പ്രാവുകളുടെ കുറുകല്‍ മാത്രം.
ദൈവ സന്നിധിയില്‍ ഭജനമിരിക്കാന്‍ (ഇഅ്തികാഫ്) ആരുമില്ലാത്ത ശൂന്യതയും പേറി പതിവു പോലെ ഇന്ന് ഉച്ച നേരത്ത് ജുമുഅക്ക് മുന്നോടിയായി മുഴങ്ങിയ ബാങ്കൊലികള്‍ക്കൊടുവിലും ഒരു വാക്യമുണ്ടായിരുന്നു, സല്ലൂ ഫീ ബുയൂത്തിക്കും, നിങ്ങള്‍ വീടുകളില്‍ ആരാധന നിര്‍വ്വഹിക്കൂ…
ഒരു കുഞ്ഞുവൈറസ് തീര്‍ത്ത മതിലുകള്‍ക്കപ്പുറത്ത് നിന്നും, അവരവരുടെ വീടുകളിലിരുന്ന് നോമ്പുകാര്‍ ഇന്നത്തെ അവസാന ജുമുഅ വേളകളും സങ്കടത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമാക്കി. വില്ലകളിലോ ഫഌറ്റുകളിലോ മറ്റ് താമസ കേന്ദ്രങ്ങളിലോ ഉള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും നെഞ്ച് പൊട്ടി പ്രാര്‍ത്ഥിച്ചു. ഈ മഹാമാരിയില്‍ നിന്ന് കരകയറ്റി സാധാരണ ജീവിതം സാധ്യമാക്കണേയെന്നവര്‍ കണ്ണീര്‍ വാര്‍ത്തു.
ഗള്‍ഫിലെ വിവിധ രാഷ്ട്രങ്ങളില്‍ ചില പള്ളികളില്‍ ജീവനക്കാരും ഇമാമും മാത്രമായി ജുമുഅ നിര്‍വ്വഹിച്ചുവെന്ന ആശ്വാസം തേടുകയായിരുന്നു ലക്ഷക്കണക്കിന് വിശ്വാസികള്‍. ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളിലെ നിശ്ചിതയെണ്ണം പേര്‍ക്കായി പരിമിതപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ജുമുഅക്കാഴ്ചകളെ അവര്‍ ഹൃദയം ചേര്‍ത്തു.
ഖത്തറിലെ വലിയ പള്ളിയെന്ന ഖ്യാതിയുള്ള ഇബ്‌നു അബ്ദുല്‍വഹാബ് മസ്ജിദ്, ബഹ്‌റൈനിലെ മനാമയിലുള്ള അല്‍ഫതഹ് പള്ളി, സഊദിഅറേബ്യയിലെ മക്കാ മദീന പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജുമുഅ നടന്നു. എല്ലാ സ്ഥലങ്ങളിലും പള്ളി ഇമാമും ജീവനക്കാരും മാത്രമാണ് സംബന്ധിച്ചത്.
ഖത്തറിലെ ഇബ്‌നു അബ്ദുല്‍വഹാബ് പള്ളിയില്‍ ഇമാമും ജീവനക്കാരുമുള്‍പ്പെടെ 40 പേര്‍ സംബന്ധിച്ചു.
ഖത്തര്‍ ടെലിവിഷന്‍, അര്‍റയ്യാന്‍ ചാനലുകളിലൂടേയും ഖത്തറിലെ റേഡിയോകളിലൂടെയും ജുമുഅ നടപടികള്‍ പൊതുജനങ്ങളിലെത്തിച്ചു. സംപ്രേഷണം കേട്ട് അനുകരിച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നത് കുറ്റകരമാണെന്ന് നേരത്തെ ഔഖാഫ് ഇസ്്‌ലാമിക കാര്യമന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ച് 17 മുതലാണ് ഖത്തറിലെ പള്ളികള്‍ അടച്ചിടാന്‍ മതകാര്യമന്ത്രാലയം തീരുമാനിച്ചത്. ജുമുഅക്ക് പുറമെ റമദാനിലെ തറാവീഹ്, ഖിയാമുല്ലൈലി നമസ്‌കാരങ്ങളും പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് വലിയ പള്ളിയില്‍ നടക്കുകയുണ്ടായി.