in ,

ദു:ഖം കടിച്ചമര്‍ത്തിയ വര്‍ഷങ്ങള്‍ക്കൊടുവില്‍ അവര്‍ സ്‌നേഹത്തിന്റെ കണ്ണീര്‍ പൊഴിച്ചു

  • റിയാദ് വിമാനത്താവളത്തിലെ വികാര നിമിഷങ്ങള്‍ പകര്‍ത്തി അല്‍ജസീറ
റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ ബന്ധു കെട്ടിപ്പിടിച്ചുകരയുന്നു. അല്‍ജസീറ ചാനല്‍ വീഡിയോയില്‍ നിന്നൊരു രംഗം.

അശ്‌റഫ് തൂണേരി/ദോഹ:

”ഉമ്മയെ നേരില്‍ കാണാതെ നാലു വര്‍ഷത്തോളം എങ്ങിനെയാണ് കഴിച്ചുകൂടിയതെന്നറിയില്ല. ഇന്ന് ഉമ്മ വന്നു. ദൈവത്തിന് സ്തുതി” സഊദിയിലുള്ള മകന്‍ റിയാദ് വിമാനത്താവളത്തില്‍ വെച്ച് അല്‍ജസീറയോട് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഉപരോധത്തിന് ശേഷം സഊദിയിലെത്തിയ ആദ്യ വിമാനത്തില്‍ യാത്രക്കാരിയായിരുന്നു അദ്ദേഹത്തിന്റെ ഉമ്മ. ഉമ്മയേയും ഭാര്യയേയും ഭര്‍ത്താവിനേയും പെങ്ങളേയും അമ്മായിയേയും വര്‍ഷങ്ങളായി പിരിഞ്ഞിരിക്കേണ്ടി വന്നവരുടെ വേദനയാണ് ഖത്തര്‍-സഊദി വ്യോമ കര അതിര്‍ത്തികള്‍ തുറന്നതോടെ ഇല്ലാതായത്.
റിയാദ് വിമാനത്താവളത്തില്‍ ആദ്യവിമാനമെത്തിയപ്പോള്‍ വികാര നിമിഷങ്ങളാണുണ്ടായത്. വര്‍ഷങ്ങളായി കാണാന്‍ കഴിയാതിരുന്നവര്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചുകരഞ്ഞു. ആഹ്ലാദം അലതല്ലിയ ഈ വേളയില്‍ വിമാനത്താവളത്തിലെ ഊദ്യോഗസ്ഥര്‍ യാത്രക്കാരെ ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്. സഊദി-ഖത്തര്‍ പതാകകള്‍ വീശിയും അവര്‍ യാത്രക്കാരെ അഭിവാദ്യം ചെയ്തു.
”ഖത്തറും സഊദിയും വെറും നയതന്ത്ര രാഷ്ട്രീയ വാണിജ്യ വ്യാപാര ബന്ധങ്ങള്‍ മാത്രമല്ല ഉള്ളത്. അടുത്തടുത്ത രാജ്യങ്ങളെന്ന നിലയില്‍ ഭൂമിശാസ്ത്ര പരമായ ബന്ധവും രക്തബന്ധങ്ങളും പരസ്പരമുളള രാജ്യമാണ്. നാലു വര്‍ഷത്തോളമായി പിരിഞ്ഞിരുന്ന എന്റെ അമ്മായിയെ സ്വീകരിക്കാനാണ് ഞാന്‍ വിമാനത്താവളത്തിലെത്തിയത്.” റിയാദ് വിമാനത്താവളത്തിലെത്തിയ ബദര്‍ അല്‍കഹ്്താനി എന്ന യുവാവ് പറഞ്ഞു.

റിയാദ് വിമാനത്താവളത്തില്‍ പൂക്കളും പതാകയുമായി ഖത്തരി യാത്രക്കാരെ സ്വീകരിക്കുന്ന സഊദി ഉദ്യോഗസ്ഥര്‍. (അല്‍ജസീറ ചാനല്‍)

കരമാര്‍ഗ്ഗമുള്ള അതിര്‍ത്തിയും തുറന്നതിനാല്‍ സഊദിഅറേബ്യയിലേക്ക് അബൂസംറ അതിര്‍ത്തി വഴിയുള്ള യാത്രയും സജീവമായിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ നിരവധി പേരാണ് ഇതിനകം അതിര്‍ത്തികടന്ന് സഊദിയിലെത്തിയത്. ”വീണ്ടും അതിര്‍ത്തി തുറന്നതിന് ദൈവത്തിന് സ്തുതി. ബന്ധുക്കളെ കാണാനാവുന്ന ആഹ്ലാദത്തിലാണ് ഞാന്‍” സ്വന്തം വാഹനമോടിച്ച് അല്‍അഹ്്‌സ ഗവര്‍ണ്ണറേറ്റിലെത്തിയ ജാബര്‍ അര്‍മര്‍റി പറഞ്ഞു.

കച്ചവടം സജീവമാവുമെന്ന പ്രതീക്ഷ

ഖത്തറിലെ അബൂസംറ അതിര്‍ത്തിയില്‍ നിന്ന് 170 കിലോ മീറ്റര്‍ യാത്ര ചെയ്താലെത്തുന്ന പ്രധാന നഗരമായ അല്‍അഹ്്‌സ ഗവര്‍ണ്ണറേറ്റിലെ ഹഫുഫ് മാര്‍ക്കറ്റ് ഇപ്പോള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ”കച്ചവടം ഇനി സജീവമാവുമെന്നാണ് പ്രതീക്ഷ. ഇന്‍ശാഅല്ലാഹ് വര്‍ഷങ്ങളായി വ്യാപാര രംഗത്തുണ്ടായ മാന്ദ്യത്തിന് അറുതിയുണ്ടാവും.” സ്വദേശി വ്യാപാരിയായ അബ്ദുല്ലാ ഖത്തന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
2021 ജനുവരി-05നുണ്ടായ അല്‍ഉലാ കരാറിലൂടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുണ്ടായിരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് വ്യോമ കര അതിര്‍ത്തികള്‍ തുറന്നത്. 2017 ജൂണിലാണ് ഖത്തര്‍ ഉപരോധം ജി സി സിയിലെ ചില രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉപരോധത്തിന് ശേഷം നയതന്ത്ര വാണിജ്യ വ്യാപാര ബന്ധങ്ങളിലെ വിള്ളലുകള്‍ക്കു പുറമെ കുടുംബക്കാര്‍ തമ്മില്‍ കാണാനാവാതിരുന്ന പ്രതിസന്ധിയും പല തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഭാര്യയോ മകനോ ആങ്ങളയോ ഒരു രാജ്യത്തും ഉമ്മയോ ഭര്‍ത്താവോ പെങ്ങളോ മറ്റൊരു രാജ്യത്തും എന്ന തരത്തില്‍ ബന്ധങ്ങള്‍ക്കിടയില്‍ അതിര്‍ത്തി വേലികെട്ടിയ ഗുരുതരമായ പ്രശ്‌നം അന്താരാഷ്ട്രാ കോടതിയിലും ഐക്യരാഷ്ട്രസഭയിലുമുള്‍പ്പെടെ മനുഷ്യാവകാശ പ്രശ്‌നമായി പരാതിയായെത്തി. വീഡിയോ കാണാം:

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഴു ലക്ഷത്തിലധികം പേരിലേക്ക് ഐ.സി.ബി.എഫ്; റീച്ചൗട്ട് പരിപാടി നടത്തുമെന്ന് സിയാദ് ഉസ്മാന്‍

ഖത്തര്‍ ഹെല്‍ത്ത് 2021 ഈ മാസം 20 മുതല്‍; രജിസ്റ്റര്‍ ചെയ്തത് 3300 ലധികം ആരോഗ്യപ്രവര്‍ത്തകര്‍