Saturday, August 15ESTD 1934

മൂന്നാമത് മാല്‍ ലവല്‍ പ്രദര്‍ശനം ഈ വര്‍ഷം നാലാംപാദത്തില്‍

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയം സംഘടിപ്പിക്കുന്ന മൂന്നാമത് മാല്‍ ലവല്‍ പ്രദര്‍ശനം ഈ വര്‍ഷം നാലാംപാദത്തില്‍ നടക്കും. താല്‍പര്യമുള്ള കാര്‍ കലക്ടര്‍മാരില്‍ നിന്നും പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ട്.
വിന്റേജ് കാര്‍ ഉടമകള്‍ക്കും കളക്ടര്‍മാര്‍ക്കും തങ്ങളുടെ ശേഖരം മാല്‍ ലവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മവാതിര്‍ സെന്ററുമായി സഹകരിച്ചാണ് പ്രദര്‍ശനം.


മാല്‍ ലവാല്‍ എന്ന അറബി വാക്കിന്റെ അര്‍ഥം ‘പഴയ കാലത്തു നിന്ന് എന്നാണ്. ഖത്തറിലെ സ്വകാര്യ കളക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള ശേഖരങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്ന ഇനങ്ങളില്‍ കൈയെഴുത്തുപ്രതികള്‍, ആയുധങ്ങള്‍, ഇസ്‌ലാമിക് ശേഖരങ്ങള്‍, മാപ്പുകള്‍, നാണയങ്ങള്‍, എത്നോഗ്രാഫിക്, ഹെറിറ്റേജ് ഇനങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രം, ആക്‌സസറികള്‍, കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. താല്‍പര്യമുള്ള കാര്‍ കളക്ടര്‍മാര്‍ ജൂലൈ അവസാനത്തോടെ വിശദമായ പോര്‍ട്ട്ഫോളിയോ സമര്‍പ്പിക്കണം.
കാറിനെക്കുറിച്ചുള്ള ഹ്രസ്വ വിവരണം, കാറിന്റെ കുറച്ചു ചിത്രങ്ങള്‍ എന്നിവ സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. മാല്‍ ലവല്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്ന നിരവധി തരം ശേഖരങ്ങളില്‍ ഒന്നാണ് വിന്റേജ് കാറുകളെന്ന് ഖത്തര്‍ ദേശീയ മ്യൂസിയം ഡയറക്ടര്‍ ശൈഖ അംന ബിന്‍ത് അബ്ദുല്‍അസീസ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു.
ഖത്തറിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ ചരിത്രം രേഖപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ സഹകരിക്കാനാകുന്നതില്‍ അത്യധികമായ ആഹ്ലാദമുണ്ടെന്ന് മവാതിര്‍ സെന്റര്‍ ഡയറക്ടര്‍ സലീം സഈദ് അല്‍മുഹന്നദി പറഞ്ഞു. താല്‍പര്യമുള്ള കളക്ടര്‍മാര്‍ ാമഹഹമംമഹലേമാ@ൂാ.ീൃഴ.ൂമ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. കഴിഞ്ഞവര്‍ഷങ്ങളിലെ മാല്‍ ലവല്‍ പ്രദര്‍ശനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് വീടുകളില്‍ മുന്‍പ് ഉപയോഗിച്ചിരുന്ന ഉത്പന്നങ്ങളായിരുന്നു പ്രധാനമായും പ്രദര്‍ശിപ്പിച്ചത്. കേരളത്തിലും മറ്റും ഇപ്പോഴും കാണാറുള്ള വട്ടു സോഡ മുതല്‍ തോക്കുകളും മരുഭൂമിയിലെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ വരെയുള്ളവയുടെ ശേഖരം കാണികളെ ആകര്‍ഷിച്ചു.
സ്വര്‍ണപ്പിടിയുള്ള വാളുകളും ഉറകളും, 1950നു ശേഷമുള്ള ദോഹയെ കറുപ്പിലും വെളുപ്പിലും കാണാനുള്ള അവസരം, പിതാവ് അമീര്‍ ശൈഖ്് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടേത് ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളുടെ പഴയ ചിത്രങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടി. പിതാവ് അമീര്‍ സംഭാവന ചെയ്ത അറബ് രാജ്യങ്ങളില്‍ നിന്നുള്ള പഴയ ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പടെയുള്ളവ, പഴയ കറന്‍സികള്‍, പഴയ കാലത്തെ വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍, നാണയങ്ങള്‍, വിവിധ ദേശക്കാരുടെ വസ്ത്രധാരണ രീതി, വിവിധ കാലങ്ങളില്‍ ഉപയോഗിച്ച പല വലിപ്പത്തിലുള്ള ഉരലുകള്‍, കൈവണ്ടികള്‍, ഫര്‍ണിച്ചറുകള്‍, മുത്തും പവിഴമാലകളുടെ വലിയ ശേഖരം, തേപ്പുപെട്ടി, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, കളി വാഹനങ്ങള്‍, വിവിധ തരം റേഡിയോകള്‍, ക്യാമറകള്‍, ടോര്‍ച്ച്, ചീപ്പ്, കയര്‍, കപ്പി, കോളക്കുപ്പികള്‍, പേനകള്‍, വിവിധ തരം വിളക്കുകള്‍, ഫോണുകള്‍, ബൈനോക്കുലര്‍ തുടങ്ങി കൗതുകങ്ങളുടെ നീണ്ട കാഴ്ചയാണ് മാല്‍ ലവല്‍ പ്രദര്‍ശനം സമ്മാനിച്ചത്.
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയും മറഡോണയും ഒപ്പിട്ട ബ്രസീല്‍, അര്‍ജന്റീന ജഴ്‌സികള്‍, പഴയ ബോണിഎം റെക്കോര്‍ഡുകള്‍,ചെണ്ട മുതല്‍ പലതരം തുകല്‍ വാദ്യങ്ങളും ആഭരണങ്ങളും ഉള്‍പ്പടെ വ്യത്യസ്തങ്ങളായ പുരാവസ്തുക്കള്‍ കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇത്തവണയും സമാനമായ രീതിയില്‍ വിപുലമായ പ്രദര്‍ശനമാണ് ആസൂത്രണം ചെയ്യുന്നത്.

error: Content is protected !!