
ദോഹ: റിട്ടേണ്‍ ടിക്കറ്റുമായി ദോഹയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഖത്തറിലെ നിര്‍ദ്ദിഷ്ട ക്വാറന്റൈന്‍ ഹോട്ടലുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള റിസര്‍വേഷന്‍ പാസ് ഉണ്ടായിരിക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) സര്‍ക്കുലറിലൂടെ അറിയിച്ചു. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയരക്ടര്‍ മുഹമ്മദ് ഫലഹ് അല്‍ഹജിരിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
എല്ലാ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു രാജ്യക്കാരനായാലും തിരിച്ചുവരുന്ന സമയത്ത് 14 ദിവസത്തേക്ക് ഖത്തറില്‍ ക്വാറന്റൈനില്‍ താമസിക്കാനുള്ള ഹോട്ടല്‍ ബുക്കിംഗ് ഇല്ലാതെ ദോഹയില്‍ നിന്ന് ഇനി പുറപ്പെടാനാവില്ലെന്നും ‘ഡിസ്‌കവര്‍ ഖത്തര്‍’ വെബ്‌സൈറ്റിലൂടെ ഹോട്ടലുകളുടെ പ്രീപെയ്ഡ് ബുക്കിങ് വൗച്ചറുകള്‍ സ്വന്തമാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ തിരുച്ചുവരവ് ബുക്ക് ചെയ്ത തിയതിയില്‍ നിന്ന് മാറുകയാണെങ്കില്‍ ഹോട്ടല്‍ ലഭ്യതക്കനുസരിച്ച് ബുക്കിങ് മാറ്റാവുന്നതാണ്.
നിലവില്‍ ദോഹക്ക് പുറത്തുള്ളവര്‍ ഖത്തറിലേക്ക് വരുന്ന സമയത്ത് അവര്‍ക്കും 14 ദിവസത്തെ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാണ്. ദോഹയിലേക്ക് വിമാനം കയറുന്ന സമയത്ത് ഇത് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതായിരിക്കും. എല്ലാ എയര്‍ ലൈന്‍ കമ്പനികള്‍ക്കും നിര്‍ദേശം പാലിക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കാറ്റഗറിയില്‍പ്പെട്ട ഖത്തറിലെ ക്വാറന്റൈന്‍ സൗകര്യമുള്ള 19 ഹോട്ടലുകളുടെ പട്ടിക സിഎഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്.