ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കുട്ടികള്‍ക്കൊപ്പം വരുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; ചിലര്‍ക്ക് വീടുകളില്‍ ക്വാറന്റൈന് വേണം. മാത്രമല്ല 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക വിസയില്‍ എത്താന്‍ നിലവിലുള്ള സാഹചര്യം അനുവദിക്കില്ല.
താമസ അനുമതിയുള്ള (റസിഡന്റ് പെര്‍മിറ്റ്) കുട്ടികള്‍ വാക്സിനെടുത്ത രക്ഷിതാക്കള്ക്കൊപ്പമെത്തുകയാണെങ്കില് വീടുകളില്‍ 10 ദിവസം ക്വാറന്റൈന് കഴിയണം. ഇത് 17 വയസ്സുവരേയുള്ള കുട്ടികള്‍ക്ക് ബാധകമാണ്. അതേസമയം റസിഡന്റ് പെര്‍മിറ്റുള്ള വാക്സിനെടുക്കാത്തവരോ ഭാഗികമായി വാക്സിനെടുത്തവരോ ആയവരും വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവരും നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. അവരുടെ കുട്ടികളും ഇതേ നിയമമാണ് ബാധകമാവുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശക വിസയില്‍ വരാന്‍ നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 11 വയസ്സുവരേയുള്ള കുട്ടികള്‍ക്ക് സാഹചര്യമില്ല. കാരണം 11 വയസ്സുവരേയുള്ള കുട്ടികള്‍ക്ക് ഇന്ത്യയില്‍ വാക്സിന് ലഭിച്ചുതുടങ്ങിയിട്ടില്ല. 12 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ സന്ദര്‍ശക വിസയിലോ, ബിസിനസ്സ്, ടൂറിസ്റ്റ് വിസയിലോ ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണ്ണമായും വാക്സിന് നിര്‍ബന്ധമാണ്. റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങള്‍ക്കാണ് ഈ വിലക്കുള്ളതെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.