
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും(എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും(പിഎച്ച്‌സിസി) ഹോം ഹെല്‍ത്ത് കെയര്‍ സേവനം പ്രായമേറിയ രോഗികള്‍ക്ക് ആശ്വാസമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000ത്തോളം പേര്‍ക്ക് നിലവില്‍ ഈ സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
60 വയസിന് മുകളിലുള്ളവര്‍ക്കും മാരക രോഗമുള്ളതും അംഗവൈകല്യമുള്ളതുമായ കുട്ടികള്‍ക്കുമാണ് ഹോംകെയര്‍ സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനമാണ് ലഭ്യമാക്കുന്നത്. രോഗികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ സേവനത്തിനായി അഭ്യര്‍ഥിക്കാം.
ഡോക്ടറുടെ റഫറലിന്റെ കൂടി അടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കുക. നടപടിക്രമങ്ങള്‍ക്കായും മറ്റും ക്ലിനിക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് ഹോം ഹെല്‍ത്ത്‌കെയര്‍ ടീമുകള്‍ മൂല്യമേറിയ പരിചരണമാണ് നല്‍കുന്നത്. മാര്‍ച്ച് ആദ്യം മുതല്‍ മെയ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 22,300 ഭവന സന്ദര്‍ശനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തി.
കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി പതിവ് സന്ദര്‍ശനങ്ങളും അനിവാര്യമല്ലാത്ത നടപടിക്രമങ്ങളും മാറ്റിവെക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ശാരീരിക അകലം പാലിക്കുന്നതിനും മറ്റുമായാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. അത്യാവശ്യ ഗാര്‍ഹിക ആരോഗ്യ സേവനങ്ങള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് നല്‍കേണ്ടുന്ന ചില പരിചരണ രീതികളില്‍ മാറ്റംവരുത്തിയിരുന്നു. സാധ്യമാകുന്നിടത്ത് വ്യക്തിഗത സന്ദര്‍ശനങ്ങള്‍ക്കു പകരം ടെലിഫോണ്‍ മുഖേനയും വീഡിയോ കോള്‍ സംവിധാനം മുഖേനയും പരിചരണം ലഭ്യമാക്കാന്‍ ശ്രമിച്ചു. ഇത്തരം സംവിധാനങ്ങളിലൂടെയെല്ലാം രോഗികളുമായി ആശയവിനിമയം നടത്താനായി.
ഈ കാലയളവില്‍ രോഗികളുമായുള്ള ഇടപെടല്‍ വളരെ ഉയര്‍ന്ന തോതിലായിരുന്നുവെന്ന് ഹെല്‍ത്തി ഏജിങ് നാഷണല്‍ ലീഡും റുമൈല ആസ്പത്രിയുടെയും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഹനാദി അല്‍ഹമദ് വിശദീകരിച്ചു. ചികിത്സയ്ക്കായി പുറത്തുപോകുന്നതിനുപകരം ദുര്‍ബലരായ വ്യക്തികളെ സ്വന്തം വീടുകളുടെ സുരക്ഷയില്‍ തുടരാന്‍ സഹായിക്കുന്ന വിധത്തില്‍ പ്രധാന സേവനങ്ങള്‍ ഹോം ഹെല്‍ത്ത് കെയര്‍ ടീമുകള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ചും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍, പ്രായമേറിയവര്‍ എന്നിവരുടെ ആരോഗ്യപരിചരണത്തിനും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. ഈ രോഗികള്‍ക്ക് അവരുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ പതിവായതും പ്രതിരോധശേഷിയുള്ളതുമായ പരിചരണമാണ് ഹോം ഹെല്‍ത്ത്‌കെയര്‍ ടീമുകള്‍ നല്‍കുന്നത്.
രോഗികളുമായുള്ള ഇടപെടലുകളില്‍ 70 ശതമാനവും നിലവില്‍ ടെലിഫോണ്‍, വീഡിയോ കോണ്‍ഫറന്‍സുകളായിട്ടാണ് നടത്തുന്നത്. പ്രൊഫഷണല്‍ ഡോക്ടര്‍ അല്ലെങ്കില്‍ നഴ്സ് ഓണ്‍ലൈനില്‍ നിരവധി ആരോഗ്യ പരിരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗിയുമായി ആശയവിനിമയം നടത്തുന്നത്. പിഎച്ച്‌സിസി നല്‍കുന്ന പ്രധാന സേവനങ്ങളിലൊന്നാണ് ഗാര്‍ഹിക ആരോഗ്യ പരിരക്ഷാ സേവനം. അതേസമയം എച്ച്എംസിയുടെ ഹോം ഹെല്‍ത്ത്‌കെയര്‍ സേവനവും നിരവധി രോഗികള്‍ക്ക് പ്രയോജനകരമാകുന്നു.
സേവനം ആവശ്യമുള്ള എല്ലാവര്‍ക്കും വീടുകളില്‍തന്നെ വളരെ പെട്ടെന്നും ഉന്നതനിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വീടുകളിലെത്തി പരിചരണം നല്‍കുന്നതിലൂടെ വേഗത്തിലും ഉന്നത ഗുണനിലവാരത്തിലും ഫലപ്രദവുമായ പരിചരണം ഓരോ രോഗികള്‍ക്കും ഉറപ്പാക്കുകയാണ് എച്ച്എംസി ലക്ഷ്യമിടുന്നത്. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി ആസ്ഥാനമാക്കിയാണ് ഹോം ഹെല്‍ത്ത് കെയര്‍ സേവനം.
അല്‍ഖോര്‍, അല്‍ വഖ്‌റ എന്നിവിടങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളുമുണ്ട്. രാജ്യത്തെ എല്ലാ പ്രായക്കാരുമായ പ്രവാസികള്‍ക്കും ഖത്തറികള്‍ക്കും ഹോം ഹെല്‍ത്ത്‌കെയര്‍ സേവനം നല്‍കുന്നുണ്ട്. 2009ലാണ് സേവനത്തിന് തുടക്കംകുറിച്ചത്.
തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് ഹോംകെയര്‍ സേവനം ലഭ്യമാക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് കുറക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറക്കാനും ഹോം കെയര്‍ സേവനങ്ങള്‍ സഹായിക്കുന്നുണ്ട്. ഹോം കെയര്‍ സര്‍വീസിനെ എച്ച്എംസിയുടെ മൊബൈല്‍ ഡോക്ടര്‍ സര്‍വീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.